Sunday, October 21, 2012

കൊച്ചി മെട്രോ എന്ന ചക്കരക്കുടം....


എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല..കാരണം അത്രയ്ക്ക് വെറുക്കുന്നു ഈ കൂട്ടരെ...കേരളത്തിന്റെ അഭിമാനമായി മാറേണ്ട കൊച്ചി മെട്രോയെ ഇല്ലാത്ത ഓരോ കാരണം പറഞ്ഞു നീട്ടി നീട്ടി കൊണ്ട് പോകുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കള്ളന്മാരെ... ഇവരെ പറ്റി മനസ്സില്‍ ഉള്ളത് പറഞ്ഞാല്‍ ഈ പരിസരം വൃത്തി കേടാവും എന്നത് കൊണ്ട് അതൊക്കെ ഞാന്‍ മനസ്സില്‍ തന്നെ വെക്കുന്നു..  ഇത് ഇങ്ങനെ ഒക്കെ ആവാന്‍ അല്ലെങ്കില്‍ എന്തൊക്കെയോ ആക്കി തീര്‍ക്കാന്‍ നടക്കുന്ന ഈ കൂട്ടര്‍ക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളു, നമ്മുടെ പണം അവരുടെ പോക്കെറ്റില്‍ എത്തിക്കുക എന്നാ ഒരൊറ്റ ലക്‌ഷ്യം.. കാരണം അയ്യായിരം കോടിയുടെ മുകളില്‍ ചെലവ് വരുന്ന ഈ പദ്ധതി സ്വന്തം പോക്കെറ്റ്‌ നിറക്കാന്‍ കയ്യിട്ടു വാരാനുള്ള ചക്കര കുടമാണെന്ന് ഇവിടുത്തെ പ്രധാനപ്പെട്ട കള്ളന്മാരെല്ലാം മനസ്സിലാക്കിയിരിക്കുന്നു.. അതിനു രാഷ്ട്രീയത്തിന്റെയോ ഉദ്യോഗത്തിന്റെയോ അതിര്‍ വരമ്പുകള്‍ ഇല്ല... ഈ കാര്യത്തില്‍ എല്ലാവര്ക്കും ഒരേ മനസ്സ്... സ്വന്തം നാടിന്റെ വികസനത്തിന്‌ മുതല്‍ കൂട്ടാവും എന്ന് ഉറപ്പുള്ളത് കൊണ്ട് ഇത്രയേറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും ഇത് നടത്താന്‍ എന്‍റെ ശ്രമം തുടരും എന്നും പറഞ്ഞു പന്ത്രണ്ടു വര്‍ഷത്തോളമായി നടക്കുന്ന ടി ശ്രീധരനെ പോലെ ആത്മാര്‍ഥതയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഒരു രാഷ്ട്രീയക്കാരനോ  ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ സ്വപ്നം ഇപ്പൊ പാതി വഴിയില്‍ എത്തിയിട്ടുണ്ടാവുമായിരുന്നു.. എത്രയും പെട്ടെന്ന് തുടങ്ങിയാല്‍ ഉണ്ടാവുന്ന ലാഭം ഇവിടുത്തെ കള്ളന്മാരുടെ കണക്കിലേ ഇല്ല, കാരണം അവര്‍ക്ക് ജനങ്ങളുടെ പണം എത്ര പോയാലും പ്രശ്നമില്ല, സ്വന്തം കീശയിലെക്കുള്ളത് മുടങ്ങരുത് എന്നാ ഒരൊറ്റ ലക്‌ഷ്യം മാത്രമേ ഉള്ളു.. ഇത്രയൊക്കെ പച്ചക്ക് നമ്മുടെ കണ്മുന്നില്‍ നടന്നിട്ടും ഇവരെ ഇവിടുന്നു അടിച്ചു ഓടിക്കാന്‍,അവരോട് മുഖത്ത് നോക്കി നിങ്ങള്‍ ഈ നാടിന്‍റെ ശാപമാണ് എന്ന് പറയാന്‍ നമുക്ക് കഴിയുന്നില്ലല്ലോ.. ഇലക്ഷന്‍ സമയത്ത് വലിയ വായില്‍ ചിരി കുത്തി നിറച്ചു നമ്മുടെ അടുത്ത് വന്നു വോട്ടും വാങ്ങി പോയി ചില്ല് കൊട്ടാരത്തില്‍ കേറി ഇരുന്നു നമ്മെ കഴുതകളാക്കുന്ന ഈ കൂട്ടരെ നമ്മള്‍ ഇനിയും മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ.. നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ, ഭാരതത്തിന്റെ അഭിമാനം കാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇലക്ഷനില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്.. ഒരു പക്ഷെ നിങ്ങള്‍ ഇനിയും ഇത് പോലെ തുടരുകയാണെങ്കില്‍ ജനങ്ങള്‍ നിങ്ങളെ മട്ടുപ്പാവില്‍ നിന്നും വലിച്ചിറക്കി അടിച്ചോടിക്കുന്ന ഒരു കാലം വരും...
ഇവിടെ ചില ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ കള്ളന്മാരെ കണ്ണടച്ച് വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ടി വാദിക്കുന്ന ആളുകളുടെ ചോദ്യം ഉണ്ട്, എന്ത് കൊണ്ട് ഇതിനു ആഗോള ടെണ്ടര്‍  വിളിച്ചു കൂടാ എന്ന്.. ഇവിടെ ടെണ്ടര്‍ വിളിച്ചു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പ്രവര്‍ത്തി തുടങ്ങാന്‍ ചുരുങ്ങിയത് 5-6 വര്ഷം എടുക്കും എന്നത് ഇത്രയും കാലത്തെ നിങ്ങളുടെ കളികള്‍ കണ്ട ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതെ ഉള്ളു.. അത് വഴി കമ്മീഷന്‍ കൈക്കലാക്കുക എന്നാ ലക്‌ഷ്യം മാത്രമേ ഉള്ളു എന്നതും ഉറപ്പാണ്, അല്ലെങ്കില്‍ ഓരോ ദിവസം വൈകുന്തോറും നാല്പതു ലക്ഷം രൂപയ്ക്കു മുകളില്‍ നഷ്ടം വന്നു കൊണ്ടിരിക്കുന്ന ഈ പദ്ധതിയെ, ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ആളുകളും യന്ത്ര സാമഗ്രികളും ഉള്ള,ഇത് വരെ ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നിശ്ചിത സമയത്തിന് മുന്നേ തീര്‍ത്തു ലാഭം നേടിക്കൊടുത്ത ഒരു പൊതുമേഖല സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു..?? കാരണം ഒന്നേ ഉള്ളു, അതിന്റെ തലപ്പത്ത്‌ ഉള്ളത് ടി ശ്രീധരന്‍ എന്ന കളങ്കമില്ലാത്ത അഴിമതിക്കെതിരെ സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് മാതൃകയായ വലിയ മനുഷ്യന്‍..!! അതെ, അയാളുടെ കയ്യില്‍ ഈ പദ്ധതി എത്തിയാല്‍ നിങ്ങളുടെ പോക്കറ്റിലേക്കു ഒന്നും വരില്ല എന്ന് നിങ്ങള്‍ ഭയപ്പെടുന്നു..

ടി ശ്രീധരനെ ഞാന്‍ എന്തിനു ഇങ്ങനെ വലിയ ആളായി കാണുന്നു എന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ എനിക്ക് അവരോടു ഒരു കാര്യമേ പറയാനുള്ളൂ, ഒന്ന് ഡല്‍ഹിയില്‍ പോയി മെട്രോയില്‍ കയറുക.. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി നിങ്ങള്ക്ക് തന്നെ ലഭിക്കും.. തിരക്കേറിയ ഡല്‍ഹിയുടെ മാര്‍ക്കറ്റുകളിലൂടെയും മറ്റും ഒരു ബില്‍ഡിംഗ്‌ പോലും ഇതിനു വേണ്ടി പൊളിക്കാതെ നടപ്പില്‍ വരുത്തിയ ഡല്‍ഹി മെട്രോ ഇന്ത്യയില്‍ തന്നെയാണോ എന്ന് നിങ്ങളെ കൊണ്ട് ചിന്തിപ്പിക്കും..അത് വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ മനസ്സിലാക്കി തരാന്‍ ബുദ്ധിമുട്ടാണ്, അത് നേരിട്ട് അനുഭവിച്ചവര്‍ക്കു മനസ്സിലാകും... കൂടെ യാത്ര ചെയ്യുന്ന ഏതെങ്കിലും ഡല്‍ഹിക്കാരനോട് ചോദിക്കുക, ടി ശ്രീധരനെ പറ്റി, അവര്‍ പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുമെന്ന് തോന്നുന്നില്ല..അത്രയ്ക്കുണ്ട് അവരുടെ മനസ്സില്‍ ശ്രീധരന് സ്ഥാനം..അവരുടെ യാത്ര ക്ലേശങ്ങള്‍ മാറ്റി കൊടുത്ത അദ്ദേഹത്തോടുള്ള സ്നേഹം അവരുടെ വാക്കുകളില്‍ നമുക്ക് കാണാന്‍ പറ്റും.. അവിടെ ശ്രീധരനെ അറിയാത്ത കുട്ടികള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്... ഇത് ജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍..ഇനി ഔദ്യോഗികമായ പ്രശംസകള്‍ അറിയണമെങ്കില്‍ പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷനില്‍ ഒന്ന് ഇറങ്ങി അവിടെ സജ്ജീകരിച്ചിട്ടുള്ള മ്യുസിയത്തില്‍ ഒന്ന് കണ്ണോടിക്കുക, ഒരു ഭാഗത്ത്‌ സജ്ജീകരിച്ച ഫോട്ടോകളില്‍ നിങ്ങള്ക്ക് കാണാം ടി ശ്രീധരന്‍ എന്ന മലയാളി അവിടെ ഉണ്ടാക്കിയ പേരും പ്രശസ്തിയും..മലയാളി എന്ന നിലയില്‍ അഭിമാനം തോന്നിപ്പോകും..
                                    മെട്രോ മ്യുസിയം- പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷന്‍.  
അങ്ങനെ എല്ലാ വിധത്തിലും തന്‍റെ പ്രവര്ത്തികളിലൂടെ നമ്മുടെ കൊച്ചു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ ആ വലിയ മനുഷ്യന്‍ നമ്മുടെ കേരളത്തിലും ഇത് പോലെ ഒന്ന് വേണമെന്ന് പറഞ്ഞു മുന്നോട്ടു വന്നപ്പോള്‍ അതില്‍ നിന്നും പണം കട്ടെടുക്കാന്‍ നെറികെട്ട പ്രവര്‍ത്തികള്‍ കാണിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ളക്കാരെ, നിങ്ങളുടെ മുഖത്ത് ഇവിടുത്തെ ജനങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരത്തല്ല... 

ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു താരതമ്യത്തിന്റെ ചിത്രം ഇതിനോട് ചേര്‍ക്കുന്നു.. അത് ഉണ്ടാക്കിയ ആളോട് കടപ്പാട്.. 

Friday, October 5, 2012

സ്നേഹ പാത്രം...

അവന്‍ അവന്‍റെ സ്നേഹം ഒരു പാത്രത്തില്‍ നിറച്ചു കൊണ്ടേ ഇരുന്നു... പുറം ഭാഗം പരു പരുത്ത ഒരു പാത്രം, കാരണം പാത്രത്തിന്റെ ഭംഗി കണ്ടു മറ്റുള്ളവര്‍ അത് തട്ടിപറിച്ചാലോ എന്ന് അവന്‍ ഭയപ്പെട്ടു...പാത്രത്തിന്റെ ഭംഗി നോക്കാതെ അകത്തു കിടക്കുന്ന സ്നേഹം മനസ്സിലാക്കുന്ന ആള്‍ക്ക് കൊടുക്കാന്‍ അത് അവന്‍ നിറച്ചു കൊണ്ടേ ഇരുന്നു.. അവസാനം ഒരു നാള്‍ അവള്‍ക്കു മുന്നില്‍ അവന്‍ ആ പാത്രം നീട്ടിയപ്പോ പുറത്തെ പരു പരുത്ത രൂപം കണ്ടു അവള്‍ അത് തട്ടിമാറ്റി, അത് നിലത്തു വീണു പൊട്ടി... അവന്‍ ഇത്രയും കാലം സൂക്ഷിച്ചു വെച്ച സ്നേഹം ആ തറയിലൂടെ ഒഴുകിയത് അവള്‍ കണ്ടുവോ ആവോ...???

Wednesday, October 3, 2012

ഒരു കള്ള് ഒരു ജാതി ഒരു ഷാപ്പ്‌ മനുഷ്യന്...!!!

അങ്ങനെ കള്ളിനും ജാതി ആയി..!!! എന്തൊക്കെ കാണണം എന്‍റെ ദൈവമേ.. കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട കേരള ഹൈക്കൊടതിയുടെ കള്ള് നിരോധനം സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും പരിഗണിക്കണം എന്നാ പരാമര്‍ശം കണ്ടപ്പോ ഞാന്‍ ഒരുപാട് ആഹ്ലാദിച്ചു.. നമ്മുടെ നീതി പീഠം ജനങ്ങളുടെ നന്മക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയത് കണ്ടപ്പോ നീതിപീടതോടുള്ള ബഹുമാനം ഇരട്ടിച്ചു... കള്ള് നിരോധിക്കുമ്പോ ജോലി നഷ്ട്ടമാവുന്ന നാലപ്പതിനായിരത്തോളം തൊഴിലാളികളെ മറ്റു തൊഴില്‍ മേഖലകളിലേക്ക് പുനരധിവസിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ തന്നെ നടത്തണം എന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോ ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ കണ്ണ് നീരിനു കാരണമായി മാറിക്കൊണ്ടിരിക്കുന്ന കള്ള് എന്നാ ദുരന്തത്തെ നാട്ടില്‍ നിന്ന് തുടച്ചു നീക്കുക എന്നാ നല്ല ഉദ്ദേശം സര്‍ക്കാര്‍ ഗൌരവമായി എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു പോയി, കാരണം മദ്യ നിരോധനം തിരഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്തിയ പാര്ട്ടിയാനല്ലോ കേരളം ഭരിക്കുന്നത്.. 
അടുത്ത ദിവസം ചേര്‍ന്ന ലീഗ് യോഗത്തില്‍ ഹൈക്കൊടതിയുടെ പരാമര്‍ശം ചര്ച്ചയാവുകയും കള്ള് നിരോധനം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും പ്രബല ഭരണ കക്ഷി എന്നാ നിലക്ക് തീരുമാനമെടുത്തു, ആ തീരുമാനം പത്ര സമ്മേളനം വഴി പുറം ലോകത്തെത്തുകയും  ചെയ്തു.. ഈ പ്രസ്താവന വന്നതോടെ രംഗം മൊത്തം മാറി... കള്ള് നിരോധിക്കണം എന്ന് പറയാന്‍ ലീഗ് ആരാ, അത് ഒരു പ്രത്യേക ജാതിക്കെതിരെയുള്ള ആക്രമണമാണ് എന്നും പറഞ്ഞു, 'മദ്യം വിഷമാണ്, അത് ചെതരുത്, വില്‍ക്കരുത്' എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് തന്നെ മുന്നിട്ടിറങ്ങിയത് കണ്ടപ്പോ ഞെട്ടിത്തരിച്ചു പോയി..ചെത്ത്‌ നിര്‍ത്തിയാല്‍ ഞാന്‍ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ച ആളോട് ചെത്ത്‌ കത്തി നാലായി പകുത്തു ക്ഷുരക പണി എടുത്തു ജീവിക്ക് എന്ന് പറഞ്ഞ ഗുരുവിന്റെ പിന്‍ഗാമിയാണ്‌ ഈ പറഞ്ഞത് എന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോ ശെരിക്കും സങ്കടകരമായ വാര്‍ത്ത ആയിപ്പോയി അത്.. ലീഗ് പറഞ്ഞത് അവിടെ നില്‍ക്കട്ടെ, ബഹുമാനപ്പെട്ട കേരള ഹൈ ക്കൊടതിയുടെ നിരീക്ഷനമെങ്കിലും കണക്കിലെടുത്ത് കൊണ്ട് കള്ള് നിരോധനം സര്‍ക്കാര്‍ ആലോചിക്കണം എന്ന് ആ സംഘടന പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു പോയി.. 
എനിക്ക് മനസ്സിലാവാത്ത കാര്യം കള്ള് നിരോധിക്കണം എന്ന് പറയുമ്പോ അതെങ്ങനെ ഒരു ജാതിക്കെതിരെ ഉള്ള ആക്രമണം ആവും..?? തങ്ങളുടെ ജാതിയെ മുഴുവനായും കള്ള് കുടിയന്മാരായും കള്ള് വില്പ്പനക്കാരായും മറ്റുള്ളവരുടെ മുന്നില്‍ തെറ്റിദ്ധരിപ്പിച്ച ആ നേതാവിന് നേരെ ആരും അവിടെ നിന്ന് എതിര്‍ സ്വരം ഉയര്‍ത്തിയില്ല എന്നതും സങ്കടകരം തന്നെ.. 
നിരോധനത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും പറയുന്ന ഒരു പ്രശ്നം നാല്പ്പതിനായിരത്തോളം പേരുടെ തൊഴില്‍ നഷ്ട്ടപെടും എന്നതാണ്.. കേരളത്തില്‍ ഇന്ന് പതിനാലു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട് എന്നാണു ഞാന്‍ വായിച്ചിട്ടുള്ളത്, അങ്ങനെയാണെങ്കില്‍ ഇവിടെ ഈ നാല്‍പ്പതിനായിരം ആളുകള്‍ക്ക് നല്ല അന്തസ്സുള്ള പാവങ്ങളുടെ കണ്ണ് നീരില്ലാത്ത ജോലി ചെയ്തു സമ്പാതിച്ചു ജീവിക്കാനുള്ള അവസരം ഉണ്ടാവില്ലേ..?? അത് പോലെ തന്നെ കള്ള് കുടിച്ചു പണവും സ്വബോധവും നശിപ്പിക്കുന്നത് കൊണ്ട് കേരളത്തില്‍ എത്ര ലക്ഷക്കണക്കിന്‌ വീടുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കഷ്ട്ടത അനുഭവിക്കുന്നു, എത്ര പേര് പട്ടിണി കിടക്കുന്നു എന്നത് ഒരു നേരമെങ്കിലും ഈ ആളുകള്‍ ആലോചിച്ചോ..? എത്ര കള്ള് ചെത്ത്‌ തൊഴിലാളികള്‍ ചെത്ത്‌ കൊണ്ട് ജീവിതം പച്ച(ലീഗിന്‍റെ പച്ച ല്ല ട്ടോ..!!) പിടിപ്പിച്ചു..? അതെ സമയം അബ്കാരി മുതലാളിമാരു അവരെ മുതലെടുത്ത്‌, പാവങ്ങളെ കൊണ്ട് കള്ള് കുടിപ്പിച്ചു കോടിപതികളായി..   ഇല്ല, അവര്‍ക്ക് കഷ്ട്ടത അനുഭവിക്കുന്ന ആളുകളോടുള്ള പ്രതിബദ്ധത അല്ല ലക്‌ഷ്യം മറിച്ചു കള്ള് വ്യവസായത്തിലൂടെ നേടുന്ന കോടികളാണ് എന്നത് ഈ ഒരു മലക്കം മറിച്ചിലില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റും..
രോഗി ഇച്ചിച്ചതും ഡോക്ടര്‍ കല്‍പ്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ ഹൈക്കോടതിയുടെ പരാമര്‍ശം വന്ന ഉടനെ ലീഗിന്റെ പ്രസ്താവന കൂടി വന്നത് പുറമേ കാണുന്നത് പോലെ അതിന്റെ അകത്തും ഒന്നും ഇല്ല എന്ന് സ്ഥിരമായി വിളിപ്പേര് കിട്ടാറുള്ള ചില ആളുകള്‍ക്ക് ഉപകാരമായി.. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്നത്  പോലെ ഇതിപ്പോ ലീഗിനെ അടിക്കാനും തീവ്രവാദിയും ആക്കാന്‍ കിട്ടിയ അവസരവും ആയി അതോടൊപ്പം സ്വന്തം വ്യവസായത്തെ രക്ഷിചെടുക്കുകയും ചെയ്യാം.. 
മുകളില്‍ പറഞ്ഞ ആളുടെ പ്രസ്താവനക്ക് കൃത്യമായ ദുരുധ്യേശങ്ങള്‍ ഉണ്ടെന്നത് കൊണ്ട് ആ പ്രസ്താവന കണക്കിലെടുക്കേണ്ട എന്ന് വിചാരിച്ചു നില്‍ക്കുംബോയാണ് മന്ത്രി സഭയില്‍ നിന്ന് തന്നെ ഇതിനെതിരെ ശക്തമായ ഭാഷയില്‍ ഇതിനെ എതിര്‍ത്ത് കൊണ്ട് പ്രസ്താവന വന്നത്.. ഞാന്‍ കേരളത്തിലെ ഒരു മന്ത്രി ആണ് എന്നാ കാര്യമൊക്കെ മറന്നു അവര്‍ ലീഗിനെ മാത്രമല്ല ഹൈക്കോടതിയെ പോലും പരാമര്‍ശിച്ചു കളഞ്ഞു, ജനങ്ങള്‍ എന്ത് കുടിക്കണം എന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതി അല്ല എന്നാ പ്രസ്താവന എന്ത് സാഹചര്യത്തില്‍ നിന്നാണ് ഒരു ജനപ്രധിനിതിയില്‍ നിന്ന് വന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ ചിലപ്പോ ഈ വ്യവസായത്തില്‍ നിന്നും സ്വന്തം പോക്കെട്ടിലേക്ക് വരുന്ന ചുളയുടെ എണ്ണം കൂടി കണക്കിലെടുക്കേണ്ടി വന്നേക്കാം.. ഹേ മന്ത്രീ, താങ്കള്‍ ഈ പ്രസ്താവിച്ചത് പോലെ കേരളത്തിലെ ഓരോ ജനങ്ങള്‍ സര്‍ക്കാരിന്റെ ഓരോ നയങ്ങള്‍ ചോദ്യം ചെയ്‌താല്‍ താങ്കള്‍ അവര്‍ക്ക് വേണ്ടി നില കൊള്ളുമോ..?? കുറച്ചു മുന്നേ നിരോധിച്ച പാന്‍ മസാലയുടെ കാര്യത്തില്‍ ഞങ്ങള്‍ എന്ത് ചവക്കണം എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ അല്ല എന്ന് ഒരു കൂട്ടര്‍ പറഞ്ഞാല്‍ നിങ്ങള്‍ ആ നിരോധനം ഒഴിവാക്കുമോ..? 

Tuesday, September 11, 2012

9/11 നാം കബളിക്കപ്പെട്ടോ..??

ഇന്ന് സെപ്റ്റംബര്‍ 11 പതിനൊന്നു വര്ഷം മുന്നേ അമേരിക്കന്‍ വാര്‍ത്താ എജെന്സികള്‍ വഴി ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്ന ദിവസം... ലോകത്ത് ഒരു മത വിഭാഗത്തിന് നേരെ ശത്രുതയുടെയും സംശയത്തിന്റെയും മുനകള്‍ കൂടുതല്‍ ശക്തമായി എറിയാന്‍ തുടങ്ങിയ ദിവസം..   തീവ്രവാദികള്‍ അമേരിക്കന്‍ യാത്ര വിമാനം തട്ടിയെടുത്തു അമേരിക്കയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളില്‍ ഒന്നായ വേള്‍ഡ് ട്രേഡിംഗ്  സെന്റെറിന്റെ രണ്ടു കെട്ടിടങ്ങളിലേക്ക് ഇടിച്ചു കേറ്റി തകര്‍ത്തു... ഞെട്ടിത്തരിച്ചു പോയ വാര്‍ത്ത.. നാല് വിമാനങ്ങള്‍ അന്ന് തട്ടി എടുത്തു, അതില്‍ രണ്ടെണ്ണം  വേള്‍ഡ് ട്രേഡിംഗ് സെന്റെരിലെക്കും ഒരെണ്ണം പെണ്ടഗോനിലെക്കും ഇടിച്ചു കേറി... ഒരെണ്ണം തകര്‍ന്നു വീണു.. ആയിരങ്ങള്‍ അന്ന് കത്തിക്കരിഞ്ഞും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ പെട്ടും കെട്ടിടത്തില്‍ നിന്നും ചാടിയും മരണപ്പെട്ടു..  അന്ന് കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍.. 

 ശക്തമായ ഇന്റലിജന്‍സ് സൗകര്യം ഉള്ള ഒരു രാജ്യത്ത് ഒരു ദിവസം നാല് വിമാനങ്ങള്‍ വളരെ എളുപ്പത്തില്‍ തട്ടി എടുത്തു എന്നത് ഉള്‍ക്കൊള്ളാന്‍ അത്ര പെട്ടെന്ന് ആര്‍ക്കും കഴിഞ്ഞെന്നു വരില്ല.. എന്നാലും കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചു കേറുന്ന വീഡിയോയും മറ്റും കണ്ടപ്പോ അത് ശേരിയാനെന്നു വിശ്വസിക്കേണ്ടി വന്നു.. തീവ്രവാദികള്‍ക്ക് നേരെ ഇത്ര ശക്തമായ വടി കിട്ടിയത് അമേരിക്ക ശെരിക്കും മുതലെടുക്കുന്ന കാഴ്ചകളാണ് നമ്മള്‍ പിന്നെ കണ്ടത്.. അമേരിക്ക ആയുധം കൊടുത്തു വളര്‍ത്തി ഒരു കാലത്ത് സമാധാനത്തിനു വേണ്ടിയുള്ള ദൂതനെന്നു വാഴ്ത്തി നടന്ന ഉസാമ ബിന്‍ ലാദനാണ് ഇതിനു പിന്നിലെന്നും അയാള് ഒളിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ ആണെന്നും പറഞ്ഞു ആ രാജ്യത്തിന് നേരെ യുദ്ധം പ്രക്യാപിച്ചു..
 അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചു ആ രാജ്യത്തിന്റെ നിയന്ത്രണം ശക്തമായ ആക്രമങ്ങള്‍ വഴി പിടിച്ചെടുക്കുന്നത് വരെ എത്തി ആ കാര്യങ്ങള്‍.. ആ കഥകളൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാം.. അതിലേക്കു കൊടുത്താല്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. 
ഈ അടുത്ത കാലത്ത് യാദ്രിശ്ചികമായി ഈ വേള്‍ഡ് ട്രേഡിംഗ് തകര്‍ച്ചക്ക് പിന്നില്‍ അമേരിക്ക തന്നെയോ എന്നാ വീഡിയോ കാണാന്‍ ഇടയായി.. അതില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ഇതിനെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു.. അങ്ങനെ കിട്ടിയ കുറച്ചു നിഗമനങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുകയാണ്.. 
പ്രധാനെപ്പെട്ട ഒരു സംശയം അഞ്ഞൂറ്  മീറ്ററിന് മുകളില്‍ ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് ഒരു വിമാനം ഇടിച്ചതിനു ഒരു മണിക്കൂറിനുള്ളില്‍ ആ കെട്ടിടം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി എന്നതാണ്.. അതും അടുത്തുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വീഴാതെ നേരെ ഭൂമിയിലേക്ക്‌ താഴ്ന്നു എന്നതാണ്.. കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഒരു വിദ്യ ഉണ്ട്, എല്ലാ നിലയിലും സ്ഫോടക വസ്തു സ്ഥാപിച്ച ശേഷം ഒരേ സമയം പൊട്ടിച്ചാല്‍ വശങ്ങളിലേക്ക് വീഴാതെ നേരെ താഴേക്ക്‌ മാത്രം വീഴ്ത്തുന്ന വിദ്യ.. അങ്ങനെ ഒരു വിദ്യ ഇതില്‍ ഉപയോഗപ്പെടുതിയോ എന്നാ സംശയം ബലപ്പെടുത്തുന്ന ചിലത് കാണാന്‍ ഇടയായി.. 


വിമാനം ഇടിച്ച ഭാഗം മാത്രം കത്തി കൊണ്ടിരിക്കുമ്പോ പെട്ടെന്ന് എല്ലാ നിലയിലും സ്ഫോടനം ഉണ്ടാവുകയും നിമിഷങ്ങള്‍ക്കകം കെട്ടിടം പൂര്‍ണമായും തകരുകയായിരുന്നു എന്നും താഴെയുള്ള വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാവും..

അത് പോലെ ഉയര്‍ന്നു വന്ന ഒരു സംശയമാണ് വിമാനമാണോ അതോ മിസ്സൈല്‍ ആണോ കെട്ടിടത്തില്‍ ഇടിച്ചു കയറിയത് എന്നത്.. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കെട്ടിടത്തില്‍ ഇടിച്ച വിമാനം അതെ വേഗതയില്‍ തന്നെ എതിര്‍ വശത്ത് എത്തി എന്നതാണ്.. മുന്നിലുള്ള കെട്ടിടത്തിന്റെ സ്റ്റീല്‍ ഫ്രേമുകളില്‍ തട്ടിയിട്ടും വേഗതക്ക് ഒരു കുറവും വന്നില്ല എന്നത് സംശയം ഉളവാക്കുന്നു.. താഴെയുള്ള വീഡിയോ ശ്രദ്ധിച്ചാല്‍ കാണാന്‍ പറ്റും.. മാത്രമല്ല മറുവശത്ത് എത്തിയ വിമാനത്തിന്റെ മുന്‍ വശത്തിന്  ഒന്നും സംഭവിച്ചിട്ടില്ല എന്ന്.. ഒരു മിസ്സിലിനു മാത്രമേ ഇത്ര ശക്തമായ ബില്ടിങ്ങില്‍ ഇടിച്ചിട്ടും തകരാതെ അപ്പുറത്ത് എത്താന്‍ കഴിയു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.. 
ഇങ്ങനെ എല്ലാ വിധത്തിലും സംശയം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ദുരൂഹമായി നില്‍ക്കുന്നു എന്നതാണ് വസ്തുത.. എണ്ണ ഉത്പാദന രാജ്യങ്ങളിലേക്ക് കടന്നു കയറാന്‍ വേണ്ടി നടത്തിയ ഒരു നാടകമാണ് എന്ന് വിശ്വസിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തള്ളാന്‍ പറ്റുന്നതല്ല.. ഇതുമായി ബന്ധപ്പെട്ടുള്ള കുറച്ചു വീഡിയോ ലിങ്കുകള്‍ താഴെ ഇടുന്നു.. അവസാനമായി, വിമാനം തട്ടിയെടുത്തു എന്ന് പറയപ്പെടുന്ന 19 പേരില്‍ 7 പേര് ഇപ്പോയും ജീവിച്ചിരിക്കുന്നു എന്നതാണ്..!!!  
Sunday, September 9, 2012

ഭാര്യക്കും കിട്ടണം ശമ്പളം..!!!

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കഷ്ട്ടപെടുന്ന ഗൃഹനാഥന്മാര്‍ക്ക്  ഇതാ അടുക്കളയുടെ ചൂടറിയാത്ത ചില്ലു ഗ്ലാസിട്ട ഓഫീസില്‍ ഇരുന്നു നാട്ടിലെ സ്ത്രീകളുടെ മൊത്തം പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കാണാന്‍ നടക്കുന്ന കൊച്ചമ്മമാരുടെ കിടിലന്‍ സമ്മാനം..!!! സ്വന്തം ഭാര്യക്കും മാസാ മാസം എണ്ണി കൊടുക്കണം പോലും...!!! വെറുതെയല്ല, ഭാര്യ ചെയ്യുന്ന വീട്ടു ജോലികള്‍ക്കും ഭക്ഷണ സാദനങ്ങള്‍ ഉണ്ടാക്കി വിളമ്പി തന്നു സ്നേഹിക്കുന്നതിനും മാസത്തില്‍ കൃത്യമായി ശമ്പളം കൊടുക്കണം എന്ന്..!!! (ഇതൊക്കെ പെണ്ണ് കേട്ടുന്നതിന്റെ മുന്നേ അറിഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടെ ആലോചിച്ച ശേഷം മതിയായിരുന്നു കല്യാണം എന്ന് ആത്മഗദം..!!) 
ഇത്രയും കാലം കൊച്ചമ്മമാരുടെ സ്ഥിരം ഡയലോഗ് ആയിരുന്നു സ്ത്രീകളെ കേവലം വീട്ടു ജോലിക്കാരി ആക്കി മാറ്റുന്നു, ഞങ്ങള്‍ക്ക് അതില്‍ നിന്നും മോചനം വേണം എന്നൊക്കെ... ഈ കൊച്ചമ്മമാരെ മാറ്റി നിര്‍ത്തിയാല്‍ ഏതൊരു സ്ത്രീയും അഭിമാനത്തോടെ പറയും, ഞങ്ങള്‍ മക്കള്‍ക്കും ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് അല്ലെങ്കില്‍ അവരെ ശുശ്രൂഷിക്കുന്നത് ഞങ്ങളുടെ മനസ്സിന്റെ സന്തോഷത്തിനാണ്.. ഞങ്ങള്‍ ഉണ്ടാക്കി കൊടുത്ത ഭക്ഷണം വീട്ടുകാര് കഴിക്കുന്നത് കണ്ടു ഞങ്ങളുടെ മനസ്സ് നിറയുന്നു... ഇങ്ങനെയുള്ള സ്ത്രീകളെ മുകളില്‍ ഉദ്ധരിച്ച ഡയലോഗ് പറഞ്ഞു പറഞ്ഞു വശീകരിക്കാന്‍ കൊച്ചമ്മമാര്  സകല ശ്രമങ്ങളും നടത്തി നോക്കി, ആണുങ്ങളെ ഒന്ന് അടുക്കളയില്‍ കേറ്റാന്‍...!!! രക്ഷയില്ല എന്ന് തോന്നിയപ്പോ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു തലച്ചോറ്(?) പുണ്ണാക്കി ഇരിക്കുംപോയാണ് പുതിയ ഒരു ഐഡിയ, പണിയെടുക്കാം പക്ഷെ മാസത്തില്‍ കൃത്യമായി ശമ്പളം കിട്ടണം..!!!  ഒരു ദിവസം പോലും സ്വന്തം വീട്ടുകാര്‍ക്ക് തന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു അവര്‍ ഭക്ഷിക്കുന്നത് കണ്ടു സന്തോഷിക്കാന്‍ പോലും മുതിരാത്ത കൊച്ചമ്മമാരെ, പണം എന്ന് കേട്ടാല്‍ സ്ത്രീകളുടെ മനസ്സ് മാറും എന്ന് വിചാരിച്ചാണ് നിങ്ങളുടെ ഈ പുതിയ അടവെങ്കില്‍, നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ എന്നെ പറയാന്‍ പറ്റൂ..കാരണം വീട്ടു ജോലിക്ക് ആളുണ്ടെങ്കില്‍ പോലും വീട്ടുകാര്‍ക്കുള്ള ഭക്ഷണം സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്ന  മഹതികളായ അമ്മമാരും ഭാര്യമാരുമാണ് ഈ നാടിന്റെ മുതല്‍ കൂട്ട്.. വീട്ടുകാരുടെ സ്നേഹതെക്കാലും വലിയ ഒരു സന്തോഷവും മാസം കിട്ടാന്‍ പോകുന്ന ഈ ശമ്പളത്തില്‍ നിന്നും ലഭിക്കില്ല എന്ന് മാത്രമല്ല, അത് കുടുംബം എന്നാ സങ്കല്‍പ്പത്തെ അല്ലെങ്കില്‍ മഹത്വരമായ ഘടനയെ അട്ടി മറിക്കാന്‍ മാത്രമേ ഉപകാരപ്പെടു...
വാല്‍ കഷ്ണം:വീട്ടിലെ തീന്‍ മേശയില്‍ നിന്നും ഭക്ഷണത്തിന് ശേഷം എണീറ്റ്‌ പോകുമ്പോള്‍ ഭാര്യമാര്‍ക്കുള്ള ടിപ് വെക്കാന്‍ മറക്കണ്ട...!!! ഇനിയിപ്പോ വീട്ടിലെ ജോലികള്‍ മൊത്തം എടുക്കാന്‍ ആളുണ്ട്, അത് കൊണ്ട് ഭാര്യക്ക് പ്രത്യേകം ശമ്പളം കൊടുക്കണ്ട എന്നാണു മനസ്സില്‍ എങ്കില്‍ സൂക്ഷിക്കുക, ഭാര്യക്ക് നോക്ക് കൂലി കൊടുത്തില്ലെങ്കില്‍ പട്ടിണിയാവാന്‍ സാധ്യത ഉണ്ട്, ജാഗ്രതൈ..!!! 

Monday, August 27, 2012

എയര്‍ ഇന്ത്യയുടെ മായാജാലം...

എയര്‍ ഇന്ത്യയുടെ മായാജാലം...

അങ്ങനെ എയര്‍ ഇന്ത്യയുടെ ലാഭ- നഷ്ടക്കണക്കുകള്‍ (നഷ്ടക്കണക്കുകള്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ) വീണ്ടും പുറത്തു വിട്ടു... നഷ്ട്ടം കേവലം 1705 കോടി മാത്രം..!!! അന്തര്‍ദേശീയ സര്‍വീസ് രംഗത്താണ് 2009, 2010, 2011 വര്‍ഷങ്ങളില്‍ ഇത്രയും കനത്ത നഷ്ടം വന്നത്... ഇതൊക്കെ പോരാത്തതിന് എയര്‍ ഇന്ത്യയുടെ സ്വന്തം പൈലടുമാര് അവരുടെ വകയായി രണ്ടു മാസത്തെ സമരം വഴി( ഗള്‍ഫ്‌ സെക്ടറിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയത്ത് മറ്റു എയര്‍ കമ്പനികളുമായി ഒത്തു കളിച്ചു കൊണ്ട് രണ്ടു പേരുടെയും കീശ വീര്‍പ്പിക്കാനുള്ള കലാപരിപാടി ആയിരുന്നു ആ സമരം..??? ) ഉണ്ടാക്കിയ നഷ്ട്ടം 600 കോടിയും...!!! 
എപ്പോ നോക്കിയാലും സീറ്റ്‌ ഇല്ല എന്നോ അല്ലെങ്കില്‍ വലിയ റേറ്റ് കാണുന്ന എയര്‍ ഇന്ത്യ എങ്ങനെ ഇത്രയും നഷ്ട്ടതിലായി എന്ന് അല്ഭുതപ്പെട്ടാണ് നഷ്ട്ടക്കണക്കുകളുടെ വിശദ വിവരങ്ങള്‍ അന്വേഷിച്ചത്, അപ്പോഴാണ്‌ പിടിപ്പു കേടിന്റെ ഉള്ളു കള്ളികള്‍ പുറത്തു വരുന്നത്..
പ്രധാനപ്പെട്ട സെക്ടരുകലാണ് അമേരിക്ക, കാനഡ, യുറോപ്, ഗള്‍ഫ്‌ എന്നിവ... വിവിധ സെക്ടരുകളുടെ കണക്ക് നോക്കുകയാണെങ്കില്‍,  2009-10, 2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളില്‍ യു.എസ്, യൂറോപ് സെക്ടറുകളില്‍നിന്ന് യഥാക്രമം 1078 കോടി, 1707 കോടി, 596.9 കോടി എന്നിങ്ങനെയാണ് വരുമാനം. എന്നാല്‍, ചെലവ് യഥാക്രമം 2057 കോടി, 2861 കോടി, 983 കോടി എന്നിങ്ങനെയാണ്. അതായത് ഈ സെക്ടറുകളില്‍ ഓരോ വര്‍ഷവും 979 കോടി, 1154 കോടി, 386.1 കോടി എന്ന ക്രമത്തില്‍ നഷ്ടം സംഭവിച്ചു.. അതായത് മൂന്നു വര്‍ഷത്തെ മൊത്തം നഷ്ട്ടം 1705 കോടിയും അമേരിക്ക, കാനഡ, യുറോപ് സെക്ടോരുകളില്‍ നിന്ന് മാത്രം 2519 കോടിയും..!!!  അതായത് അമേരിക്ക, കാനഡ, യുറോപ് സെക്ടരുകളില്‍ ചിലവഴിക്കുന്നതിന്റെ പകുതിയോളം നഷ്ട്ടമായി മാറുന്നു..!!!  
 യു എസ്, യുറോപ് സെക്ടരുകളില്‍ നിന്ന് മാത്രം 2519 കോടി നഷ്ട്ടം ഉള്ളപ്പോ  മൊത്തം നഷ്ട്ടം 1705 കോടി മാത്രമായതെങ്ങനെ എന്നാ ചോദ്യമാണ് പിന്നെ വരുന്നത്...അവിടെയാണ് എയര്‍ ഇന്ത്യയുടെ മായാജാലം..!!!  ഗള്‍ഫ്‌ സെക്ടറിലെ കണക്കു ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ് ഈ നഷ്ട്ടം കുറയുന്നത്, അതായത് ഗള്‍ഫ്‌ സെക്ടറിലെ യാത്രക്കാരില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പണം മറ്റു സെക്ടറില്‍ നിന്നും ഉണ്ടാകുന്ന നഷ്ട്ടത്തിന്റെ അളവ് കുറയ്ക്കാനാണ് പോകുന്നത് എന്ന്..!!! സാധാരണ നല്ല ലാഭം തരുന്ന ഉപഭോക്താക്കളോട് ഉടമകള്‍ പുലര്‍ത്തുന്ന ഒരു നയം ഉണ്ട്, അവര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്തു കൊടുത്തു അവരെ സന്തോഷിപ്പിച്ചു പിടിച്ചു നിര്‍ത്തുക എന്ന്... എവിടെ..!!! 4-5 മണിക്കൂര്‍ മാത്രം യാത്ര  ദൈര്‍ഘ്യം ഉള്ള  ഗള്‍ഫ്‌ സെക്ടരുകളിലെ ടിക്കറ്റ്‌  നിരക്കും  പത്തു മണിക്കൂറിനു മുകളില്‍  യാത്ര  ദൈര്‍ഘ്യം ഉള്ള മറ്റു സെക്ടരുകളിലെ നിരക്കും വെച്ച് നോക്കുമ്പോള്‍ അറിയാം എത്ര മാത്രം 'സൌകര്യങ്ങള്‍' ചെയ്തു കൊണ്ടാണ് അവരെ 'പിടിച്ചു' നിര്‍ത്തുന്നത്(നാട്ടിലുള്ളവരെ അവിടെ തന്നെയും ഗള്‍ഫിലുള്ളവരെ അവിടെ തന്നെയും..!! ) എന്ന്..!!! ഗള്‍ഫ്‌ സെക്ടറുകള്‍ ഒഴിച്ച് മറ്റു സെക്ടരുകളില്‍ ഇത് വരെ കാര്യമായ യാത്ര പ്രശ്നങ്ങള്‍ കേട്ടിട്ടില്ല, ഇത് വരെ ആ ഭാഗതോട്ടു യാത്ര ചെയ്യാത്തത് കൊണ്ട് അതിന്റെ വിവരങ്ങളും അറിയില്ല.. എന്തായാലും നഷ്ട്ടക്കനക്ക് വെച്ച് നോക്കുമ്പോ വിമാനങ്ങള്‍ ആളില്ലാതെ ഓടുന്നു അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഓടുന്നു എന്ന് മനസ്സിലാക്കാം.. അമേരിക്കന്‍ സെക്ടറിലെ സീസണും ഗള്‍ഫ്‌ സെക്ടറിലെ സീസണും ഒരുമിച്ചല്ല എന്നിരിക്കെ എന്ത് കൊണ്ട് ലാഭം തരുന്ന ഗള്‍ഫ്‌ സെക്ടറിലെ സീസണ്‍ സമയത്ത് കുറച്ചു വിമാനങ്ങള്‍ അധികം ഇട്ടു കൊണ്ട് യാത്രക്കാര്‍ക്ക് സൌകര്യവും എയര്‍ ഇന്ത്യയുടെ ലാഭവും കൂട്ടുന്നില്ല..?? എയര്‍ ഇന്ത്യയുടെ ഈ അനാസ്ഥ മുതലെടുത്ത്‌ കൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചം ഉണ്ടാക്കുന്നത് വിദേശ വിമാന കമ്പനികളാണ്.. നമ്മുടെ രാജ്യത്ത് എത്തേണ്ട വന്‍ തുകയാണ് എയര്‍ ഇന്ത്യയുടെ ഈ കെടുകാര്യസ്ഥത കൊണ്ട് നഷ്ട്ടമാകുന്നത് എന്നതോടൊപ്പം സ്വന്തം പൌരന്മാര്‍ക്ക് സാമ്പത്തികമായും മാനസികമായും വന്‍ ബുധിമുട്ടുകലുമാണ് എന്നതും കൂടി ചേര്‍ത്ത് വായിക്കുക...  
വാല്‍കഷ്ണം :എന്റെ ചേട്ടാ, ലക്ഷം കോടികളുടെ അഴിമതിയും നഷ്ട്ടക്കക്കുകളും പുറത്തു വന്നോണ്ടിരിക്കുംബോയ എയര്‍ ഇന്ത്യയുടെ ഒരു 1700കോടിയുടെ കണക്കും കൊണ്ട് വന്നിരിക്കുന്നെ , ഒന്ന് പോടപ്പാ...!!!! അവരൊക്കെ ഇത്രേം ചെയ്യുമ്പോ ഞങ്ങള്‍ ആയിരത്തിന്റെ കണക്കെങ്കിലും പറയണ്ടേ, അല്ലെങ്കില്‍ ലക്ഷക്കണക്കിന്‌ രൂപ മാസാ മാസം എണ്ണി വാങ്ങി എയര്‍ ഇന്ത്യയുടെ തലപ്പത്തിരിക്കുന്ന ഞങ്ങള്‍ക്ക് മോശമല്ലേ..!!! 

Saturday, August 25, 2012

ബോംബു(ക്ഷമിക്കണം, സ്ഫോടക വസ്തു..!!)


റെയില്‍ പാളത്തില്‍ ബോംബു കിട്ടി എന്ന് വാര്‍ത്ത കണ്ട ഉടനെ പ്രതീക്ഷിച്ചു തീവ്രവാദ-വര്‍ഗീയ വാദ ചര്‍ച്ചകളും പോടീ പൂരങ്ങളും.. പക്ഷെ ആദ്യം തന്നെ ചിലത് മണത്തു... മണം ശേരിയായിരുന്നു എന്ന് പിന്നെയുള്ള വാര്‍ത്തകളില്‍ നിന്ന് ഉറപ്പിക്കുകയും ചെയ്തു.. സാധാരണയായി ബോംബു കണ്ടെത്തിയാല്‍ ഉടനെ വരും തീവ്രവാദികളുടെ അട്ടിമറി ശ്രമം ആണെന്ന് സംശയിക്കുന്നു, നിരോധിക്കപ്പെട്ട സംഘടനകളുടെ പങ്കു പരിശോധിക്കും തുടങ്ങി മുട്ടന്‍ ചര്‍ച്ചകളും ആവശ്യങ്ങളും.. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ബോംബു കണ്ടെത്തിയപ്പോ ഇതൊന്നും കാണാതായപ്പോ എന്താ ഒന്നും ഇല്ലാത്തത് എന്ന് ആലോചിച്ചു ഇരിക്കുംബോയാണ് ബോംബു വെച്ച പാത്രത്തില്‍ തോമസ്‌ എന്നാ പേരുണ്ടായിരുന്നു എന്നാ വാര്‍ത്ത..!!! ചുമ്മാതല്ല ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളാതായിപ്പോയത് .. അങ്ങനെ തോമസിനെ ചോദ്യം ചെയ്തു തുടങ്ങി... തോമസ്‌ പറഞ്ഞു ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നോട് ദേഷ്യമുള്ള ആരോ ചെയ്തതാവുമെന്നു... അതാ മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി.. ആ ദേഷ്യമുണ്ടായിരുന്ന ആളെങ്ങാനും 'ബോംബി'ന്റെ ആളായിരിക്കണേ...എന്നിട്ട് വേണം ചര്‍ച്ചകള്‍ തുടങ്ങാന്‍.. ഒടുവില്‍ അയാളുടെയും പേര് പുറത്തു വന്നു, സെന്തില്‍..!! നോക്കണേ കഷ്ട്ട കാലം...ഇതിപ്പോ ചീറ്റി പോയല്ലോ.. എന്തൊക്കെ വിചാരിച്ചതേനും,രാജ്യത്ത് ടിഫിന്‍ ബോക്സില്‍ ബോംബു വെച്ച് നടന്നിട്ടുള്ള എല്ലാ സ്ഫോടനങ്ങളും പുനരന്വേഷിക്കണം, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ പുറത്തു കൊണ്ട് വരിക, എവിടുന്നൊക്കെ സഹായം കിട്ടി എന്ന് അന്വേഷണം നടത്തണം തുടങ്ങി  പോയന്റുകളൊക്കെ  ഭംഗിയായി നോട്ട് ചെയ്തു വെച്ചതെനും, ചാനെലില്‍ കേറുമ്പോ ഒന്നും വിട്ടു പോകരുതല്ലോ..!!!  മുംബ് ഇമെയില്‍ കേസില്‍ ഒരു ബിജു കുടുങ്ങിയിരുന്നു, ആദ്യം ബിജു എന്നാ പേര് കേട്ടപ്പോ എല്ലാരുടെയും മുഖമങ്ങു മങ്ങി, പിന്നെയല്ലേ വാര്‍ത്ത വരുന്നത് ബിജു സലിം എന്നാണു എന്ന്..പിന്നെന്താ പറയാന്‍, മനസ്സില്‍ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയത് പോലെ..!!! പിന്നെ ഒന്നും നോക്കിയില്ല പൌടറും  ഇട്ടു ചാനെല്‍ റൂമുകള്‍ മാറി മാറി കയറി ഇറങ്ങി അങ്ങട്ട് ആഘോഷിച്ചു..അത് പോലെ ഇനിയിപ്പോ ഈ സെന്തിലിന്റെ കൂടെ എന്തേലും വാലുണ്ടോ എന്ന് അന്വേഷിച്ചു നോക്കാം, വല്ല വാലും ഉണ്ടെങ്കില്‍ ഇട്ട പൌടരും എഴുതി വെച്ച നോടുകളും വെറുതെ ആവില്ലല്ലോ...!! ഒടുവില്‍ ആള് പിടിയിലായി, എന്താ ചെയ്യാനാ നമുക്ക് വേണ്ട ഒരു വാലും ഇല്ല,ആകെ ഉള്ളത് കുമാര്‍ എന്നാ വാല് മാത്രം... എല്ലാ ലഡുവും ഒരുമിച്ചു എക്സ്പൈറി ഡേറ്റ് കഴിഞ്ഞ പോലെ ആയിപ്പോയി.. എന്നാ പിന്നെ ഒന്നും നോക്കണ്ട, കുറെ കാലായില്ലേ മാനസിക രോഗി തന്നെ അടിച്ചു വിടുന്നു, അത് കൊണ്ട് ഇപ്രാവശ്യം മാറ്റി പിടിക്കാം,അത് കേവലം വ്യക്തി വൈരാഗ്യം മാത്രം,ബോംബോന്നുമല്ല, അതൊരു സ്ഫോടക വസ്തു മാത്രം....!! വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തീവണ്ടിക്കാണോ ബോംബു(ക്ഷമിക്കണം, സ്ഫോടക വസ്തു..!!) വെക്കുന്നത്, ടൈമര്‍ ഘടിപ്പിച്ച ബോംബുണ്ടാക്കാന്‍ എവിടുന്നു പരിശീലനം കിട്ടി, ആരൊക്കെ സഹായിച്ചു, തുടങ്ങിയതോന്നും ചോദിക്കേണ്ട കാര്യമില്ല..അത് നമ്മുടെ വിഷയമേ അല്ല... അയാള് നിരവധി സ്ടെഷന്‍ പരിധികളില്‍,നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന കാര്യം പ്രത്യേകിച്ചും..!!! 
നമോ വാകം...!!!

Tuesday, July 3, 2012

ഓര്‍മയുടെ നൊമ്പരങ്ങള്‍..     ഓര്‍മ്മകള്‍ അങ്ങനെയാണ്, അത് വീണ്ടും വീണ്ടും കരയിപ്പിച്ചു കൊണ്ടേയിരിക്കും.. പരസ്പരം സുഹൃതക്കലായിരുന്നു അവര്‍.. സഹോദരീ-സഹോദരന്മാര്‍ എന്നതിലുപരി ആത്മ മിത്രങ്ങലായിരുന്നു അവര്‍.. നാട്ടിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫിലെ താമസിക്കുന്ന വീടും സ്കൂള്‍ മതില്കെട്ടിനകത്തെ  ലോകവും  മാത്രമായിരുന്നു അവരുടെ ലോകം.. ആ ലോകത്ത് പരസ്പരം സ്നേഹിച്ചും കലഹിച്ചും കളിച്ചും ചിരിച്ചും....
     അങ്ങനെ നാട്ടില്‍ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയുടെ ലീവ് കഴിഞ്ഞു, ഇനിയും ലീവ് നീട്ടാന്‍ പറ്റാത്ത സാഹചര്യം.. അത് കൊണ്ട് കുടുംബം നാട്ടിലേക്ക് മാറ്റി നടുവാന്‍ തീരുമാനിച്ചു.. പുതിയ ലോകം,സമൂഹം,അയല്‍വാസികള്‍ അങ്ങനെ അങ്ങനെ...അവരുടെ ബന്ധങ്ങള്‍ക്ക് യാതൊരു വിള്ളലും വന്നില്ല എന്ന് മാത്രമല്ല പുതിയ ലോകത്തിലും ഏതൊരാളും ഭാഗവാക്കാകാന്‍ കൊതിച്ചു പോകുന്ന ഒരു കുടുംബമായി,എല്ലാവര്ക്കും മാതൃകയായി അവര്‍..
    ആ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു ശബി.. ആ വീട്ടിലെ മൂന്നു സഹോദരിമാര്‍ക്ക് കിട്ടിയ ഏക സഹോദരന്‍.. ആ ഉമ്മാക്ക് തന്റെ അവസാനത്തെ പ്രസവത്തില്‍ കിട്ടിയ ഏക ആണ്‍ തരി.. ആ വലിയ കുടുംബത്തിന്റെ നേരിനോപ്പം വളര്‍ന്നു പന്തലിച്ചു കൊണ്ടിരുന്നു അവനും..സ്കൂളിലായാലും നാട്ടിലായാലും എല്ലാവര്ക്കും പറയാനുള്ളത് ചുറു ചുറുക്കുള്ള, എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുന്ന ശബിയെ പറ്റി മാത്രം.. 
   ഈ ലോകം ശാശ്വതമല്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന വന്‍ പലപ്പോഴും ഉമ്മയോട് ചോദിക്കുമായിരുന്നു, "പതിനഞ്ചു വയസ്സിന്റെ മുന്നേ മരണപ്പെട്ടാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമോ" എന്ന്.. ആ മകന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഒരു നെടുവീര്‍പ്പല്ലാതെ മറുപടി ഇല്ലായിരുന്നു, അങ്ങനെ ഒരു കാര്യത്തെ പറ്റി ആലോചിക്കാന്‍ പോലും ആ ഉമ്മാനെ കൊണ്ട് പറ്റില്ല എന്ന് ആ കുടുംബത്തെ അറിയുന്ന ആര്‍ക്കും പറയാന്‍ പറ്റും.. 
   അന്നൊരു ബുധനാഴ്ച. കൃത്യമായി പറഞ്ഞാല്‍ 2005  മെയ്‌ 25.. വേനല്‍ അവധി കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.. അവനറിയാം സ്കൂള്‍ തുറന്നാല്‍ പത്താം ക്ലാസിന്റെ തിരക്കിലായിരിക്കും ഇനിയുള്ള കാലം..അത് കൊണ്ട് ബാക്കിയുള്ള ദിവസങ്ങള്‍ പരമാവധി കളിച്ചു രസിക്കാം..അങ്ങനെ അന്നും അവന്‍ പതിവ് പോലെ കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങി, പുഴയോരത്തേക്ക്..  
   ജനലും തുറന്നിട്ട്‌ വെറുതെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്ന ആ സഹോദരിയുടെ മുന്നിലൂടെ ഒരു പുഞ്ചിരി നല്കിയിട്ടായിരുന്നു അവന്‍ പോയത്.. അവളുടെ കയ്യിലുണ്ടായിരുന്ന പത്രതാളുകളില്‍ അന്നും ഉണ്ടായിരുന്നു പുഴയില്‍ വീണു മരിച്ച വാര്‍ത്ത..അവന്‍ തിരിച്ചു വന്നാല്‍ കളി കഴിഞ്ഞാല്‍ പുഴയില്‍ കുളിക്കാനോന്നും ഇരങ്ങരുതെന്നു പറയണം എന്നൊക്കെ ആലോചിച്ചു കൊണ്ട് തലേ ദിവസം അവന്‍ അഴിച്ചിട്ട വസ്ത്രം അലക്കാന്‍ ഇറങ്ങി.. വെള്ള വസ്ത്രത്തിലെ ചളി ഉറച്ചു വൃത്തിയാക്കുന്നതിനിടെ അവന്‍ തിരിച്ചു വന്നിട്ട് വെളുത്ത വസ്ത്രം ഇട്ടു കളിക്കാന്‍ പോയതിനു രണ്ടു പറയണം എന്നൊക്കെ അവള്‍ ആലോചിച്ചു.. 
     വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടു റൂമിലെത്തിയപ്പോ മനസ്സിന് എന്തൊക്കെയോ ഒരു അസ്വസ്ഥത, എന്താണെന്നറിയില്ല..കുറച്ചു സമയത്തിന് ശേഷം അയല്‍ വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചില്‍.. പോയി നോക്കുമ്പോ കുറച്ചു കുട്ടികള്‍ അപകടത്തില്‍ പെട്ടിരിക്കുന്നു, അതില്‍ ആ വീട്ടിലെ കുട്ടിയും ഉണ്ട് എന്ന് സംശയം..ആ മാതൃ ഹൃദയത്തിന്റെ വേദന കാണാനാവാതെ വീട്ടിലേക്കു മടങ്ങുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു, പടച്ചോനെ അതില്‍ ഞങ്ങളുടെ ശബി ഉണ്ടാവരുതേ..  
    കുറച്ചു സമയത്തിന് ശേഷം നോക്കുമ്പോ വീടിനു പുറത്തു റോഡില്‍ ആളുകള്‍ അവിടെ ഇവിടെയായി കൂട്ടം കൂടി നില്‍ക്കുന്നു..ഒന്നും മനസ്സിലാവുന്നില്ല.. മനസ്സില്‍ ആശങ്ക കൂടി വരുന്ന സമയം..കുറച്ചു ആളുകള്‍ അവസാനം വീട്ടിലേക്കു കേറി വന്നു.. എല്ലാരുടെയും മുഖത്ത് സങ്കടവും സഹതാപത്തോടെയുള്ള നോട്ടവും.. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതെ എന്ന് ആഗ്രഹിച്ച ആ വാര്‍ത്ത അവളും വേദനയോടെ മനസ്സിലാക്കി, 'ഞങ്ങളുടെ എല്ലാമെല്ലാമായ ശബിയെ അവന്റെ പതിനഞ്ചാം വയസ്സില്‍ അല്ലാഹു തിരിച്ചു വിളിച്ചിരിക്കുന്നു'.. 
    കളിക്കുമ്പോ പുഴയില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ കൂട്ടുകാരന്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ വേണ്ടി എടുത്തു ചാടിയ ശബി മണല്‍ ഊറ്റുകാര്‍ ഉണ്ടാക്കി വെച്ച മരണച്ചുഴിയിലേക്ക് അവന്റെ മറ്റു രണ്ടു കൂട്ടുകാരുടെ കൂടെ താഴ്ന്നിരങ്ങിയപ്പോള്‍ ഒപ്പം പോയത് ആ കുടുംബത്തിന്റെ സ്വപ്നങ്ങളും സന്തോഷവും കൂടി ആയിരുന്നു.. അവന്റെ വിയോഗം ആ വീട്ടിലുണ്ടാക്കിയ നിശബ്ധത വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുടുംബത്തിന്റെ ഭാഗമായി മാറിയ എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുവെങ്കില്‍ കരയാന്‍ ഒരിറ്റു കണ്ണ് നീരില്ലാതെ നിന്ന ആ ഉമ്മയുടെയും ഉപ്പയുടെയും സഹോദരിമാരുടെയും വിവരണം തന്ന അന്ന് ആ വീട്ടില്‍ പോയ ആളുകളുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴും ഏഴു വര്‍ഷങ്ങള്‍ക്കിപ്പുരവും ഓരോ നിമിഷവും ഞങ്ങളുടെ ശബി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് അറിയാതെ പറഞ്ഞു പോകുന്ന വീട്ടുകാരുടെ വാക്കുകള്‍ക്കു മുന്നില്‍ എന്റെ കണ്ണും നിറഞ്ഞു പോകുന്നു.. ഒപ്പം ഇത് പോലെയുള്ള അപ്രതീക്ഷിത മരണങ്ങളില്‍ നിന്നും അല്ലാഹു എല്ലാരെയും കാക്കട്ടെ എന്നും ആ സഹോദരനെയും നമ്മളെയും നാളെ രബ്ബിന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു ചേര്‍ക്കണേ എന്നാ പ്രാര്‍ഥനയും മാത്രം... 

Monday, July 2, 2012

പച്ച പേടി..!!പച്ച പേടി..!!
വിദ്യാഭ്യാസ വകുപ്പിനെതിരെ വിവാദങ്ങള്‍ ഉണ്ടാകുന്നതാണോ അതോ ഉണ്ടാക്കുന്നതോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഒരു പ്രൊജക്റ്റ്‌ ഓഫീസര്‍ ഒരു ഉത്തരവ് പുരപ്പെടുവിച്ചപ്പോഴെക്ക് കേരളം പച്ചയാക്കുന്നു, മലബാര്‍ വിഭചിച്ചു ഇസ്ലാമിക ശരീഅത് വേണമെന്ന് പറയാത്തത് ഭാഗ്യം തുടങ്ങി കണ്ടതെല്ലാം വിളിച്ചു പറയാന്‍ മാത്രം ബുദ്ധി ശൂന്യരായിപ്പോയോ കേരള ജനത..?? ഒരു പക്ഷെ ഈ പറയുന്ന ആള്‍ക്കാര് മുന്നേ നടത്തിയ പരിപാടികളിലോകെ നിരവധി തവണ പച്ച ബ്ലൌസും സെറ്റ് സാരിയും ഉടുതിട്ടുണ്ടാവും, അതൊന്നും ഒരു വിഷയമല്ല... വിദ്യാഭ്യാസ വകുപ്പ് നിരവധി വിവാദങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു വിവാദം കൂടി ഉണ്ടാക്കാന്‍ മാത്രം ബുദ്ധിശൂന്യനാണ് ആ മന്ത്രിയെന്നു ആലോചിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്, അതെ സമയം തന്നെ ഇങ്ങനെ ഒരു ഉത്തരാവ് പുറപ്പെടുവിച്ചു അത് ചാനലുകാര്‍ക്ക് എത്തിച്ചാല്‍ അത് ഇത്തരം കോമരങ്ങള്‍ ഏറ്റെടുക്കുമെന്ന് ആലോചിക്കാന്‍ മാത്രം ബുദ്ധിമാന്മാര്‍ അപ്പുരതുണ്ട് എന്നതും മനസ്സിലാക്കാം.. 
അഞ്ചാം മന്ത്രി വന്നാല്‍ അത് സന്തുലനം നഷ്ട്ടപ്പെടുതും...വെള്ളാപ്പള്ളി നടേശന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ അഭിപ്രായമാണ് ഏറ്റവും രസകരം, " പച്ച എന്ന് പറഞ്ഞാല്‍ അത് ലീഗിന്റെ അടയാളമല്ലേ, ചുവപ്പ് എന്ന് പറഞ്ഞാല്‍ അത് സി പി എമ്മിന്റെ അടയാളമല്ലേ, മഞ്ഞ എന്ന് പറഞ്ഞാല്‍ അത് ഞങ്ങളുടെ അടയാളമല്ലേ..ഇതൊന്നും ആര്‍ക്കും ഇഷ്ട്ടപെടില്ലല്ലോ, അത് കൊണ്ട്  എന്തിനാണ് പച്ച ഇടാന്‍ പറയുന്നത്  വെള്ള ഇടാന്‍ പറഞ്ഞാല്‍ പോരെ..???!!! "
 കുറച്ചു കൂടി കഴിഞ്ഞാല്‍ ഇവര്‍ തന്നെ പറഞ്ഞേക്കാം ഇന്ത്യയുടെ ദേശീയ പതാകയില്‍ പച്ച ഉണ്ട്, അത് കൊണ്ട് അതും വെള്ള ആക്കണം...!! ഹാ, എന്തൊരു കഷ്ടം..ഇവരുടെയൊക്കെ ബുദ്ധിയും വിവരവും എവിടെപ്പോയി..? ആണുങ്ങള്‍ പച്ച ഷര്‍ട്ട് ഇട്ടാല്‍ അല്ലെങ്കില്‍ സ്ത്രീകള്‍ പച്ച ബ്ലൌസ് ഇട്ടാല്‍ അത് വര്‍ഗീയത.. ഇതെന്തൊരു നാട്..?? കേരളം ശെരിക്കും ഭ്രാന്താലയമായോ..??
വാല്‍കൊക്ക:ഇനിയിപ്പോ ലീഗ് മന്ത്രിമാര് പങ്കെടുക്കുന്ന പരിപാടികളിലൊക്കെ ഒരു കണ്ണ് നല്ലതാ, അവിടെയെങ്ങാനും ഒരു പച്ച കസേരയോ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള എന്തെങ്കിലുമോ കണ്ടാല്‍ അതും നാളെ വിവാദമാക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടാവും, അത് കൊണ്ട് ലീഗുകാരെ ജാഗ്രതൈ..!!!

Friday, June 15, 2012

നെയ്യാറ്റിന്‍കര: ഒരു വിശകലനം..


ബി ജെ പി എന്നാ പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകലെക്കാലും ഓ രാജഗോപാല്‍ എന്നാ വ്യക്തിക്ക് കിട്ടിയ വോട്ടുകളാണ് ബി ജെ പിയുടെ വോട്ടുകളുടെ എണ്ണം കൂട്ടിയത്  .. അത് പോലെ തന്നെ ഇത്രയും കാലം ഇടതു-വലതു പക്ഷങ്ങളെ മാറി മാറി പിന്തുണച്ചു കൊണ്ടിരുന്ന എസ് എന്‍ ഡി പി/എന്‍ എസ് എസ് വോട്ടുകള്‍ വലിയ തോതില്‍ ബി ജെ പിക്ക് മരിഞ്ഞിട്ടുണ്ട് എന്നത് ഹിന്ദു വോട്ടുകളുടെ ഏകീകരണം വേണം എന്നും പറഞ്ഞു നടന്ന ബി ജെ പിയുടെ വിജയമാണ്..ഇത് തീര്‍ച്ചയായും ഭാവിയില്‍ രാഷ്ട്രീയ രംഗത്ത് ഒരു മാറ്റത്തിന് ചിന്തിപ്പിക്കാന്‍ ഹിന്ദു സങ്കടനകള്‍ക്ക് വഴി കാട്ടിയാവും.. പുതുതായി ചേര്‍ത്തിട്ടുള്ള 25000ഓളം വോട്ടുകള്‍ അത് എങ്ങോട്ടാണ് പോയത് എന്നുള്ളത് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതാണ്.. ടി പി വധവും അതിനു ശേഷം നടന്ന മണിയുടെ പ്രസംഗവും മാത്രമാണ് ഇടതു പക്ഷത്തിന്റെ വിജയം  തല്ലി  കെടുത്തിയത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും..ആ കൊലപാതകവും അത് വഴി ഉരു തിരിഞ്ഞു വന്ന ചര്‍ച്ചകളും ഇല്ലായിരുന്നുവെങ്കില്‍ ഈ ഫലം വേറെ തരത്തിലായേനെ.. (അത് യു ഡി എഫിനോടുള്ള  എതിര്‍പ്പല്ല പക്ഷെ ശേല്വരാജിനോടുള്ള എതിര്‍പ്പ് കൊണ്ട് ) ഒരു കാര്യം കൂടി ചേര്‍ത്ത് പറയേണ്ടതുണ്ട്, ശേല്വരാജിനു പകരം വേറെ ഏതെങ്കിലും ആള്,അതായത് കൊണ്ഗ്രെസ്സില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ച ആളാണ്‌ മത്സരിച്ചത് എങ്കില്‍ ലീഡ് ഒരുപാട് ഉയരുമായിരുന്നു.. 
യു ഡി എഫിന്റെ ഭരണത്തോടുള്ള അനുകമ്പ, സീ പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ എതിര്‍പ്പ് (സീ പി എമ്മിന് അകത്തു തന്നെ ഔദ്യോഗിക പക്ഷത്തോട് എതിര്‍പ്പുള്ളവര്‍ വോട്ട് മറിച്ചിട്ടുണ്ട്  എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു), ഓ രാജഗോപാല്‍ എന്നാ വ്യക്തി ഇവയാണ് ഈ ഇലക്ഷന്റെ ഫലത്തെ സ്വാധീനിച്ചിട്ടുള്ളത്..