Wednesday, May 22, 2013

സൂചി..!!!



കർണാടകയിൽ എഞ്ചിനീയറിംഗിനു ഒന്നാം വർഷം.. സീനിയേർസിന്റെ റാഗ്ഗിംഗ് ഒക്കെ പേടിച്ചു ഒളിച്ചും പാത്തും ദിവസങ്ങൾ തള്ളി നീക്കുന്ന കാലം.. ജാഫറിന്റെ ഷർട്ടിന്റെ ബട്ടണ്‍ അലക്കുമ്പോ ഇളകി പോയെന്നും സൂചി ഇല്ലാത്തത് കൊണ്ട് വെച്ച് പിടിപ്പിക്കാൻ പറ്റാത്ത സങ്കടം പറഞ്ഞപ്പോ ഞങ്ങൾ പുറത്തു പോയി ഒരു സൂചി വാങ്ങാൻ പ്ലാൻ ഇട്ടു.. തലേ ദിവസം അംജദിനെ ഹൊസ്റ്റെലിന്റെ പുറത്തു നിന്ന് ഒരു സീനിയർ ഷർട്ട്‌ കൂട്ടിപ്പിടിച്ചു എടുത്തു പൊക്കിയപ്പോൾ ഉടുത്തിരുന്ന ലുങ്കി അഴിഞ്ഞു 'അന്തർ കോയി നഹി' ആയത് കൊണ്ട് സകലതും വെളിവായി എന്നൊക്കെ കേട്ടത് കൊണ്ട് ശ്രദ്ധയോടെ ഞങ്ങൾ പുറത്തിറങ്ങി.. കുറച്ചു ഉൾഭാഗത്തുള്ള ഒരു പെട്ടിക്കടയുടെ അടുത്തെത്തിയപ്പോയാണ് കൂട്ടത്തിലുള്ള ഷഫീഖിന്റെ സംശയം, 'എടാ, ഇവിടെ ഉള്ളവന്മാർക്ക് മലയാളം അറിയില്ലല്ലോ, നമുക്ക് കന്നഡയും..അപ്പൊ പിന്നെ നമ്മൾ എങ്ങനെ ഈ സാധനത്തിന്റെ പേര് പറഞ്ഞു കൊടുക്കും..?'
അതിനൊക്കെ വഴിയുണ്ട് നീ വാ എന്നും പറഞ്ഞു കൂട്ടത്തിൽ ആരോ ഊര്ജ്ജം പകർന്നു.. 

കടയുടെ അടുത്തെത്തിയപ്പോ കടക്കാരന്റെ ചോദ്യം, 'യേനു ബേക്കു..?'
ബ ബ്ബ ബ... ജാഫർ അഭിനയം തുടങ്ങി, വിവിധ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു കൊണ്ട് ഷർട്ട്‌,നൂല്, ബട്ടൻസ് എല്ലാം ആക്ഷൻ കാണിച്ചു കൊടുത്തു.. അയാൾക്ക്‌ ഒന്നും മനസ്സിലായില്ല.. ഒരു അഞ്ച് പത്ത് മിനിറ്റ് ആ മൈമിംഗ് പരിപാടി തുടർന്നുവെങ്കിലും എന്താണ് പറയുന്നതെന്ന് മാത്രം ആ കടക്കാരന് മനസ്സിലായില്ല..  കൂടെ ഉള്ളവരൊക്കെ ശ്രമിച്ചു.. നോ ഫലം.. അതിനിടക്കാണ് ജാഫർ കലി കേറി 'ഈ പണ്ടാരം സൂചിക്ക് ഈ കന്നഡയിൽ എന്താണാവോ പറയുവാ' എന്ന് പറഞ്ഞത്..
അപ്പൊ ദേ കടക്കാരന്റെ ചോദ്യം, 'നിമ്മക്ക് സൂചി ബേക്കാ..? കൊടി, ഒന്തു രൂപ്പയെ..' ഒരു സൂചി നീട്ടിക്കൊണ്ട് നിൽക്കുന്ന കടക്കാരൻ..!!!

പാഠം ഒന്ന്‌: കന്നഡയിൽ സൂചിക്ക് സൂചി എന്ന് തന്നെ പറയും..