Thursday, April 9, 2015

സുഖിയൻ..!!

സുഖിയൻ എന്ന സാധനം എന്താണെന്നു അറിയില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്തോ കുടിക്കുന്ന സാധനം എങ്ങാനും ആണെന്നായിരുന്നു ഞാൻ കരുതിയത്‌.. അങ്ങനെ ഒരു ദിവസം യൂനുസാണു ആദ്യമായി സുഖിയൻ എനിക്ക്‌ പരിചയപ്പെടുത്തി തന്നത്‌.. പണ്ട്‌ ഇംഗ്ലീഷുകാരൻ പറഞ്ഞത്‌ പോലെ മൈദയുടെ ചെറിയ പാടക്കുള്ളിൽ പയറു നിറച്ച ആ മഹാത്ഭുതം    എന്നെയും    ഞെട്ടിച്ചു.. അന്നു മുതലാണു ഞാനും സുഖിയനെ ഇഷ്ടപ്പെട്ട്‌ തുടങ്ങിയത്‌.

                                                 
നിയാസ്‌ പറഞ്ഞ മോഷണത്തിന്റെ കഥ പറഞ്ഞപ്പൊഴാണു വേറൊരു മോഷണ കഥ ഓർമ്മ വന്നത്‌.. സുഖിയനു വേണ്ടി അറിവില്ലായ്മ കൊണ്ട്‌ ഒരു മോഷണ കേസിലെ പ്രതിയുടെ സഹായിയായി പിടിക്കപ്പെട്ട കഥ.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണു സംഭവം. ക്ലാസിലെ കൂട്ടുകാരനാണു സ്വർണത്തിന്റെ ചെറിയൊരു ഭാഗവുമായി എന്റെ അടുത്ത്‌ വന്നത്‌. ഉമ്മ വിൽക്കാൻ തന്നതാണെന്നും കൂടെ വന്നാൽ സുഖിയൻ വാങ്ങിച്ചു തരാം എന്ന ഓഫറും ആയപ്പൊ ഞാൻ കൂടെ പോയി. അങ്ങാടിയിലെ സ്വർണ കടയിൽ കൊണ്ട്‌ കൊടുത്തു, അയാൾ അത്‌ വാങ്ങി 10 രൂപ തരാമെന്നു പറഞ്ഞു. വിലയൊന്നും നിശ്ചയമില്ലാത്ത ഞങ്ങൾ അതും വാങ്ങി മടങ്ങി. വരുന്ന വഴിക്ക്‌ ഒരു സുഖിയനും പഴം പൊരിയും എന്റെ ഓതിയിൽ നിന്നും എനിക്ക്‌ വാങ്ങിച്ചു തന്നു. സ്വസ്ഥമായി വീട്ടിൽ വെച്ച്‌     തിന്നാം    എന്ന് കരുതി ഞാൻ വീട്ടിലേക്ക്‌ നടന്നു.

വീട്ടിലെത്തി പേപ്പറിൽ പൊതിഞ്ഞ പൊരികൾ എടുത്ത്‌ വെച്ച്‌ തിന്നാൻ ഒരുങ്ങുമ്പൊഴാണു ഉമ്മാന്റെ ചോദ്യം, ഇതെവിടുന്നു കിട്ടി.?
നടന്നതൊക്കെ അത്‌ പോലെ അങ്ങ്‌ പറഞ്ഞു കൊടുത്തു.. അവന്റെ ഉമ്മ വിൽക്കാൻ കൊടുത്തത്‌ വിൽക്കാൻ കൂടെ പോയത്‌ ഒരു കുറ്റമല്ലല്ലൊ.. ഉടനെ ഉപ്പയോട്‌ കാര്യം പറഞ്ഞു ഉമ്മ. തിന്നു പോകരുത്‌ എന്റെ കൂടെ വാ എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചൊരു     നടത്തമായിരുന്നു സുഹ്രുത്തിന്റെ വീട്ടിലേക്ക്‌. അവിടെ എത്തി സംഭവം പറഞ്ഞപ്പോഴല്ലെ സംഗതി ആകെ    മലക്കം     മറിഞ്ഞത്‌.!! അവന്റെ      ഉമ്മ അങ്ങനെ ഒരു സാധനം വിൽക്കാൻ കൊടുത്തിട്ടില്ല.

എല്ലാം തുറന്നു പറഞ്ഞു കള്ളം വെളിച്ചത്താക്കിയ എന്നെ കൊല്ലാനുള്ള ദേശ്യത്തോടെയുള്ള മുഖഭാവവുമായി കക്ഷി അരികിൽ നിൽക്കുന്നുണ്ടായിരുന്നു. അവസാനം എന്റെ ഉപ്പയും അവന്റെ ഉപ്പയും എല്ലാം കൂടി ഞങ്ങളേം കൊണ്ട്‌ സ്വർണം വിറ്റ കടയിലേക്ക്‌ കൊണ്ട്‌ പോയി. തൊണ്ടി പിടിച്ചെടുക്കാൻ..!!! ചുളുവിൽ സ്വർണം കിട്ടിയ സന്തോഷത്തിൽ ഇരിക്കുകയായിരുന്നു കടക്കാരൻ.. ഞെരിവട്ടം ബായിക്കൂടും പറഞ്ഞു 10രൂപ എറിഞ്ഞു കൊടുത്ത്‌ ആ സ്വർണം തിരിച്ചെടുത്ത്‌ വീട്ടിൽ എത്തിയപ്പോൾ മുറ്റത്തൊരു ഭാഗത്ത്‌ ചുരുണ്ടു കിടക്കുന്ന എണ്ണ പുരണ്ട പേപ്പറിനരികിൽ കാക്ക കൊത്തിപ്പറിച്ച  സുഖിയനിൽ നിന്നും തെറിച്ചു വീണ പയറു മണികൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.