Sunday, April 28, 2013

മിഷീന്‍തറ


എന്റെ സുഹൃത്ത്‌ നൗഫലിന്റെ ഡയറി താളുകളിൽ നിന്നും ഒപ്പിയെടുത്തത് നിങ്ങൾക്ക് വേണ്ടി പങ്കു വെക്കുന്നു.. 
ഇടി വെട്ടി മഴപെയ്യുന്ന ഒരു പകലിലാണ് എന്നെ പ്രസവിച്ചത്. എന്റെ വീട്ടിലെ മിഷീന്‍തറയും സുഖ പ്രസവം. ഏടത്തിയുടെ തയ്യല്‍ മിഷീന്‍ വെച്ചത് കൊണ്ടാണ് ആ മുറിക്ക് മിഷീന്‍ തറ എന്ന് പേരു വന്നത് പോലും. ഇതെല്ലാം വലുതായപ്പോള്‍ ഉമ്മ പറഞ്ഞുതന്നതാണ്. ആ തയ്യില്‍ മിഷീന്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പ് പണ്ടേക്കും പണ്ടേ വീട്ടില്‍ നിന്നും നാമാവശേഷമായിരുന്നു. ഞാന്‍ ജനിച്ച് രണ്ട് ദിവസം വരെ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. കരച്ചിലോട് കരച്ചില്‍. ഉമ്മ എപ്പോഴും പറയും അങ്ങനെ ഞാന്‍ ജനിച്ചിട്ട് കാലം ഒരുപാടായി. ഇപ്പോള്‍ ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാ. അതിന് മുമ്പെ ഒന്നും രണ്ടും ക്ലാസ് പഠിച്ചിട്ടുണ്ട്. '' മോശമില്ല പഠിക്കും'' എന്നെ പറ്റി ചോദിച്ചാല്‍ ടീച്ചര്‍ പറയും.. മൂന്നാം ക്ലാസിന് എന്തെ ഒന്നിനും രണ്ടിനുമില്ലാത്ത് ഇത്ര പ്രത്യേകത? എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും. ചോദിച്ചോളൂ, നോ പ്രോബ്ലം!
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവമാണ് ഞാനിവിടെ വിവരിക്കുന്നത്. ശ്രദ്ധിച്ചു കേള്‍ക്കുക.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ് ഒരു ഉച്ച. ശ്രദ്ധിക്കണം. ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാണ് ഇതുവരെ ആ സംഭവം നടന്നിട്ടില്ല. ഉച്ചക്കുള്ള കഞ്ഞികുടിക്ക് ശേഷം ഞാന്‍ ക്ലാസില്‍ വിശ്രമിക്കുകയാണ്. ഓരോന്നോര്‍ത്ത് ഇങ്ങനെയിരിക്കുമ്പോഴാണ് മുന്നില്‍ നിലത്ത് ചാടികിടക്കുന്ന മിഠായി കടലാസ്സില്‍ കണ്ണുടക്കിയത്. ഷമീമിന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റ് മിഠായിയുടെ കടലാസ്സ്. സ്വര്‍ണ്ണ നിറത്തില്‍ അത് എന്റെ മുന്നില്‍ കിടന്ന് തിളങ്ങി. അവന്‍ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് ചോക്ലേറ്റ് തിന്നിട്ടുണ്ട്. എന്റെ കൂട്ടുകാര്‍ക്കും കൊടുത്തിട്ടില്ല, എന്റെ ഉപ്പയും ഗള്‍ഫിലാണ്. ഇന്നാള് വിളിച്ചപ്പോള്‍ ഉപ്പ പറഞ്ഞിട്ടുണ്ട്.
'' മോന് ഉപ്പവരുമ്പോള്‍ മിഠായി കൊണ്ടു വരാം'' അപ്പോള്‍ ഞാന്‍ ഷമീമിന് കൊടുക്കില്ല. ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. രാധ ടീച്ചര്‍ക്ക് നാലെണ്ണം കൊടുക്കും അവന്‍ രണ്ടെണ്ണമേ കൊടുത്തിട്ടുള്ളൂ. സമയം അങ്ങിനെ ഇഴഞ്ഞിഴഞ്ഞു പോയി. അവസാനത്തെ പിരീഡും കഴിഞ്ഞ് ജനഗണമനയുടെ അകമ്പടിയോടെ ബെല്ലടിച്ചു.കുട്ടികള്‍ കലപില കൂട്ടി ക്ലാസില്‍ നിന്ന് വെളിയില്‍ വന്നു. 
ശ്രദ്ധിച്ചു കേള്‍ക്കണം. മഹാ സംഭവം നടന്നിട്ടില്ല. ഞാന്‍ ഓടി ക്ലാസിന് പുറത്തേക്ക് വരുമ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. എന്റെ എളിയയും രാധടീച്ചറും എന്നെ കാത്ത് നില്‍ക്കുന്നു. രാധ ടീച്ചര്‍ എന്നെ അടുത്തുവിളിച്ചു. ഓടിയാല്‍ കിതക്കും മുമ്പ് വീടെത്താം. എന്നിട്ടും എന്നെ കൂട്ടാന്‍ ആളു വന്നിരിക്കുന്നു. കൂട്ടികള്‍ക്കിടയിലൂടെ എളിയയുടെ കയ്യും പിടിച്ച് ഗമയില്‍ ഞാന്‍ നടന്നു. എല്ലാവരും എന്നില്‍ നിന്ന് എന്തോ മറച്ചുവെക്കുന്നത് പോലെ എനിക്ക് തോന്നിയില്ല. നടന്നുനടന്നു വീടെത്തി. വീട്ടില്‍ ആകെ ആള്‍ക്കൂട്ടം. വീടിന് മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ഏടത്തിയുടെ കല്യാണമാണോ? രാവിലെ വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഞാന്‍ ചിന്‍ ചിന്തിച്ചു. ഞാന്‍ ഓടി വീട്ടില്‍ കയറി. അന്തരീക്ഷം ആകെ മാറിയത് പോലെ. ഉമ്മയും ഏടത്തിയും കരയുന്ന കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു. കല്യാണത്തിന് ആരെങ്കിലും കരയുമോ? ഞാന്‍ എല്ലാവരെയും നോക്കി.

എല്ലാവരും എന്നെ തന്നെ നോക്കുന്നു. ഞാന്‍ ഉമ്മയെ നോക്കി. ഉമ്മ കരയുകയാണോ. ആരും ഒന്നും പറയുന്നില്ല. എന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ടാവണം അയാള്‍ എന്നെ വിളിച്ച് മിഷീന്‍ തറയില്‍ കൊണ്ടുപോയി. ഞാന്‍ ചോദിച്ചു 'എന്താ' സാന്ത്വനിപ്പിക്കുന്ന ഒരുപാട് വാക്കുകളുടെ അകമ്പടിയോടെ അയാള്‍ എന്നോട് പറഞ്ഞുകളഞ്ഞു. 'മോന്റെ ഉപ്പ മരിച്ചു'. ചേക്ലേറ്റ് മിഠായിയുടെ വര്‍ണകടലാസ് കൊണ്ട് ഞാന്‍ മനസ്സില്‍ തീര്‍ത്ത ഒരുപാട് കൊട്ടാരങ്ങളും കുറേ സ്വപ്നങ്ങളും രണ്ട് കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ ആ നിമിഷം ഭൂമിയിലേക്ക് നിലംപതിച്ചു.

Thursday, April 25, 2013

കുട്ടി പ്രണയം

ക്ലാസ്സിലെ മറ്റു കുട്ടികല്ക്കൊക്കെ ഉണ്ടായിരുന്നു പ്രണയം.. ഞാനും ഏറെ ആശിച്ചു ഒരു പ്രണയിനിയെ... ഏതു കാലത്ത് നടന്നതാണെന്ന് ചോദിച്ചാൽ ആറാം ക്ലാസിൽ പഠിക്കുമ്പോ..!!! 
അങ്ങനെ എന്റെ ക്ലാസിലെ മറ്റു പെണ്‍കുട്ടികൾ വഴി ഞാൻ അറിഞ്ഞു ഒരു കുട്ടിക്ക് എന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്.. അങ്ങനെ എനിക്കും..?? പിന്നെ ആരാണ് ആള് എന്നറിയാനുള്ള ആകാംഷയായി.. ഒടുവിൽ അവൾ പ്രത്യക്ഷപ്പെട്ടു... ആളെ മനസ്സിലായപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ ആദ്യത്തെ പ്രണയിനി എന്ന മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായി ഞാൻ...!!! എന്തായാലും കുറച്ചു ദിവസം ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്താം എന്നും വെച്ച് താല്ക്കാലികമായി ഒരു ചിരിയും കൊടുത്തു മറുപടി പറയാതെ മുങ്ങി.. പിറ്റത്തെ തിങ്കളാഴ്ച ക്ലാസിലെത്തിയപ്പോ എല്ലാവരും കൂടി ഒരു ബെഞ്ചിന്റെ ചുറ്റും കൂടി നിന്ന് എന്തോ നോക്കുന്നു.. ഞാനും എത്തി വലിഞ്ഞു നോക്കി... ഒരു പേപറിൽ എന്തോ എഴുതിയിരിക്കുന്നു... കഷ്ട്ടപ്പെട്ടു അത് മറ്റവന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വായിച്ചു നോക്കി.. 
"കൊഞ്ചൻ വ്യു 
മത്തി വ്യു 
കല്ലുമ്മകായി വ്യു 
അയിലാ വ്യു"
by നസി 
പടച്ചോനെ ഇത് ലവളുടെ പേരല്ലേ ..!!! നെഞ്ചിൽ ഒരു ഇടിത്തീ വീണു.. ഇനിയിപ്പോ ഇത് എനിക്ക് തരാൻ വേണ്ടി എഴുതിയതാവുമോ..??? അപ്പൊ തന്നെ എന്റെ തീരുമാനം ആയി, ഈ പ്രണയമൊക്കെ വലിയ പുലിവാല, അത് കൊണ്ട് ഞമ്മക്കത് വേണ്ടാ... 
പൂതികളൊക്കെ മാറ്റി വെച്ച് നല്ല കുട്ടിയായി സ്‌കൂളിൽ തുടര്ന്നു.. അങ്ങനെ ഏഴിലെത്തി.. ഒരു ചെറിയ വിനോദ യാത്ര കോഴിക്കോട്ടേക്ക്... എല്ലാവരും നല്ല ആവേശത്തിൽ.. ഓരോരുത്തരുടെയും 'പെയറും' വരുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിന്റെ ആവേശം..!!! ഞമ്മക്ക് പെയര് പോയിട്ട് ഒരു പയറു പോലും ഇല്ലാത്തത് കൊണ്ട് ആവേശം വല്ലാതങ്ങ് ഇല്ലായിരുന്നു.. 


അങ്ങനെ ബസ് കോഴിക്കോട്ടേക്ക് കുതിച്ചു... പാട്ടും ആട്ടവുമായി ആഘോഷിച്ചു കൊണ്ടുള്ള യാത്ര.. പെയറിനെ നോക്കാനില്ലാത്തത് കൊണ്ട് ഞാൻ മൈക്ക്  എടുത്തങ്ങു ആഘോഷിച്ചു.. കുറെ പാടി തളർന്നപ്പോ സീറ്റിൽ പോയി ഇരുന്നു.. അപ്പോഴാണ്‌ എന്റെ ഒന്നാം ക്ലാസ് മുതൽ കൂടെ പഠിക്കുന്ന കുട്ടി വന്നു പറഞ്ഞത്, "ഒരു കാര്യം പറയാനുണ്ട്.. ഒരാൾക്ക്‌ നിന്നോട് ഭയങ്കര ഇഷ്ട്ടമാണെന്നു".. ആദ്യാനുഭവം ഓർമയിൽ ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു "വേണ്ടായോ.. എന്നെ വിട്ടേക്ക്"
അവൾ സീറ്റിലേക്ക് മടങ്ങി... പക്ഷെ മനസ്സിൽ കുഴിച്ചിട്ടു കളഞ്ഞ മോഹങ്ങൾ എന്നെ വീണ്ടും ഉണർത്തുന്നത് പോലെ.. മനസ്സ് മന്ത്രിച്ചു, ആരാണെന്നെങ്കിലും ചോദിച്ചൂടായിരുന്നോ പൊട്ടാ..?? 
ഇനി എങ്ങനെ ചോദിക്കും എന്ന് ഓർത്തിരിക്കുമ്പോയാണ് അവൾ വീണ്ടും വന്നത്..(അവൾക്കൊരാളെ ലൈൻ ആക്കി കൊടുത്തതിന്റെ ഉപകാരമാവും..!!!) 
"ആളാരാണ്..?"
"നജി"
"നജി..????!!!! സത്യായിട്ടും..? വെറുതെ എന്നെ പറ്റിക്കാൻ കള്ളം പറയുന്നതല്ലേ..?"
"അല്ല, സത്യം.. കുറെ കാലമായി എന്നോട് പറയുന്നു, ഇന്ന് നിന്നോട് പറയാമെന്നു വിചാരിച്ചു."
പുറകിലോട്ടു നോക്കുമ്പോ സീറ്റിലിരുന്നു ചിരിക്കുന്നു കൊച്ചു കള്ളി..!!! 
മനസ്സിൽ ഒരു പതിനായിരം ലഡ്ഡു ഒരുമിച്ചങ്ങു പൊട്ടി.. മൊഞ്ചതീ, അനക്കിത് നേരത്തെ പറഞ്ഞൂടെനോ..?  അങ്ങനെ എനിക്കും കിട്ടി ഒരു കാമുകിയെ..!!!  

പിന്നെ പൊരിഞ്ഞ പ്രണയമായിരുന്നു, സ്കൂൾ വിട്ടു പോകുമ്പോൾ അവൾ വഴിയിൽ കാത്തു നിൽക്കും.. പരസ്പരം ചിരി കൈ മാറും(സംസാരം ക്ലാസിൽ നിന്ന് മാത്രം, പുറത്തു നിന്ന് സംസാരിച്ചു മാഷന്മാരു കണ്ടാൽ പുലിവാലാകും.. എല്ലാം വളരെ ശ്രദ്ധയോടെ വേണം കൈ കാര്യം ചെയ്യാൻ..!!!) ആ ഒരു ചിരി മതിയായിരുന്നു മനസ്സ് പ്രണയത്താൽ തുളുമ്പി നിറയാൻ..!!! 

അങ്ങനെ ഏഴാം ക്ലാസ് കഴിഞ്ഞു അവിടെ ഏഴിന് മുകളിൽ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള ഹൈസ്കൂളിലേക്ക്.. ഫോണുകളൊന്നും ഇല്ലാതിരുന്നത് കൊണ്ട് പരസ്പരം ഒരു ബന്ധവും ഉണ്ടായിരുന്നില്ല..   അവധിക്കാലത്തു അവളെ കാണാൻ പറ്റാത്തതിന്റെ നൊമ്പരവുമായി അഡ്മിഷന് പോയപ്പോ കാണുമെന്നു പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല.. ക്ലാസ് തുടങ്ങി, പക്ഷെ അവൾ ഇല്ല.. അന്വേഷിച്ചപ്പോ മനസ്സിലായി,അവൾ ഹോസ്റ്റൽ സൌകര്യമുള്ള ഒരു സ്കൂളിലാണ് ചേർന്നിരിക്കുന്നത്.. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു, ഇനി രക്ഷയില്ല.. 
പ്രണയം മനസ്സില് തന്നെ ഉണ്ടായിരുന്നു..മറ്റാർക്കും നല്കാതെ എന്റെ ഹൃദയം ഞാൻ അവൾക്കായി മാറ്റി വെച്ചു.. കേറി കൊത്തിയ കിളികളെയെല്ലാം എറിഞ്ഞോടിച്ചു.. പിന്നെ കണ്ടു മുട്ടൽ പെരുന്നാളിനു അവൾ നാട്ടിൽ വരും, അന്ന് മാത്രമായി.. അന്ന് കണ്ടു ഒരു അഞ്ചു മിനുട്ട് സംസാരിച്ചാൽ അത് മതിയാവുമായിരുന്നു ഒരു വര്ഷത്തേക്ക്..!!! ചില പെരുന്നാളിന് സംസാരിക്കാനും പറ്റിയില്ല, കേവലം ചിരി കൈമാറലിൽ ഒതുങ്ങി..!!! (വല്ലാത്ത പ്രണയം തന്നെ..!!!)
മൂന്നു വർഷം 'അനശ്വര പ്രണയം' അങ്ങനെ കടന്നു പോയി.. ഒടുവിൽ പത്തും കഴിഞ്ഞു ഹയർ സെകന്റരിയിലെത്തി.. ആദ്യ ദിവസം സ്കൂളിൽ പോയി മടങ്ങി വരുമ്പോ ബസ് സ്ടാന്റിൽ അതാ അവൾ..!!! സംസാരിച്ചു, അടുത്തുള്ള സ്കൂളിലാണ് ചേർന്നിരിക്കുന്നത്.. മൂന്നു വർഷത്തോളം മറ്റാർക്കും പങ്കു വെക്കാതെ മനസ്സിൽ കാത്തു വെച്ച പ്രണയം വീണ്ടും പൂത്തു... ഇടയ്ക്കൊക്കെ കാണും, സംസാരിക്കും... അങ്ങനെ മുന്നോട്ടു പോയി, പ്ലസ്റ്റു അവസാനിക്കാറായി... അവളെ സ്റ്റാന്റിലും ബസിലും ഒന്നും കാണാത്തത് കൊണ്ട് അവളുടെ കൂട്ടുകാരിയോട് അന്വേഷിച്ചു.. കിട്ടിയ മറുപടി "അവൾ ഒന്നര വര്ഷമായി ഒരുത്തനുമായി പ്രണയത്തിലാണ്, വീട്ടുകാർ അറിഞ്ഞു.. അത് കൊണ്ട് ഇപ്പൊ അവർ സ്കൂളിൽ കൊണ്ട് പോകും, തിരിച്ചു കൂട്ടാനും വരും."

എന്റെ കണ്ണിലും മനസ്സിലും പുകയാണോ അതോ വേറെന്തെങ്കിലും ആണോ അപ്പൊ ഉണ്ടായത് എന്നറിയില്ല.. ചുറ്റിലും ഇരുട്ട് മൂടിയത് ഞാൻ അറിഞ്ഞു.. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് നേരിട്ട് ചോദിക്കണം എന്ന് ഉറപ്പിച്ചു.. പക്ഷെ അവളെ എവിടെയും കണ്ടില്ല.. 
രണ്ടു വര്ഷത്തിനു ശേഷം ഡിഗ്രി പഠനത്തിനിടക്ക്‌ നാട്ടിൽ എത്തിയപ്പോ എന്റെ മുന്നിൽ വന്നു പെട്ടു അവൾ.. അന്ന് ചോദിക്കണം എന്ന് വിചാരിച്ചത് മനസ്സിലുണ്ടായിരുന്നു, പക്ഷെ ചോദിക്കാൻ തോന്നിയില്ല..
"ഭർത്താവാണോ..?"
"അതെ."
"കുട്ടിക്ക് ഇപ്പൊ എത്ര വയസ്സായി..?"
"മകനിപ്പോ ഒരു വയസ്സ് കഴിഞ്ഞതെ ഉള്ളു. " 
കുട്ടിയെ മടിയിലിരുത്തി ഭർത്താവിന്റെ(അതെ അവൻ തന്നെ) പിറകിൽ ബൈക്കിൽ കേറിയിരുന്നു അവൾ യാത്രയായി..