Sunday, January 13, 2013

ഒട്ടു മാവ്..

      ചെറിയ ആ വീടിന്റെ മുറ്റത്ത്‌ തന്നെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ആ മാവ്..കുട്ടുവിന്റെ അച്ഛന്‍ തന്റെ ചെറുപ്പത്തില്‍ നട്ടു വളര്‍ത്തിയെടുത്ത ഒട്ടുമാവ്.. മാമ്പഴ കാലത്ത് തേനൂറും മാമ്പഴം അതില്‍ നിറഞ്ഞു നിന്നു.. കുട്ടുവിന്റെ അമ്മയുടെ പരാതി എപ്പോഴും കേള്‍ക്കാറുണ്ട്, "ചോറും വേണ്ട കഞ്ഞിയും വേണ്ട, ഏതു നേരവും മാമ്പഴം തിന്നു നടക്കല്‍ തന്നെ.." കുട്ടുവിനു അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ആ മാമ്പഴം.. അവന്‍ അത് തന്റെ സുഹൃതുക്കള്‍ക്കൊക്കെ കൊണ്ട് കൊടുക്കും, അതിന്റെ മധുരത്തെ കുറിച്ച് കൂട്ടുകാര്‍ പറയുന്നത് കേട്ട് അവന്‍ ആത്മാഭിമാനം കൊണ്ടു.. 

    വര്‍ഷങ്ങള്‍ കഴിഞ്ഞു കുട്ടു വലുതായി, കാലം മാറി... കല്യാണമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയി സുഖമായി ജീവിച്ചു കൊണ്ടിരിക്കെ ചെറിയ ആ വീട് മാറ്റി പണിയാം എന്ന ചിന്തയിലായി അയാള്‍...,. ഒടുവില്‍ വീട് പൊളിച്ചു, പകരം ഒരു മണി മാളിക ഉയര്‍ന്നു അവിടെ.. വലിയ വീടിന്റെ ഭംഗി കൂട്ടാന്‍ നല്ല ഒരു മതില് വേണമല്ലോ... പക്ഷെ മുറ്റത്ത്‌ തന്നെയുള്ള ആ മാവ് മുറിക്കാതെ മതില്‍ കെട്ടാന്‍ ആവില്ല.. അയാള്‍ മതിലു വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ഭാര്യ വിട്ടില്ല, "ഒരു മാവും പറഞ്ഞു വീടിന്റെ ഭംഗി കുറയ്ക്കാനോ..? രാവിലെ ആ മാവില്‍ നിന്നും ആദ്യത്തെ വീടിന്റെ മുറ്റത്ത്‌ വീഴുന്ന ഇലകള്‍ അടിച്ചു വാരി എന്റെ നടുവൊടിഞ്ഞു.. അത് വെട്ടാതെ ഞാന്‍ ഈ പുതിയ വീട്ടിലേക്കു കേറുന്ന പ്രശ്നമില്ല.." അവസാനം തന്റെ കുട്ടിക്കാലം ഒക്കെ മറന്നു തേനൂറും മാമ്പഴം നല്‍കിയിരുന്ന ആ മാവിന്റെ കഴുത്തില്‍ കോടാലി വെക്കാന്‍ അയാള്‍ തന്നെ ആളെ വിളിച്ചു കൊണ്ട് വന്നു... 
   താന്‍ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി പോവുകയാണ് എന്ന് അറിഞ്ഞ മാവ് ഒരുപാട് കരഞ്ഞു..പക്ഷെ അയാള്‍ അത് കണ്ടില്ല.. ഇത്രയും കാലം നിനക്ക് ഇഷ്ട്ടമുള്ളത്ര മാമ്പഴം തന്ന എന്നെ നശിപ്പിക്കാന്‍ പോകുന്ന നീ ഇതിനു പകരം അനുഭവിച്ചിട്ടെ ഈ ലോകത്ത് നിന്നും പോവൂ എന്ന ശാപത്തോടെ മാവ് നിലം പതിച്ചു..ഭാര്യയുടെ സ്വപ്നത്തിലെ പോലെ ഭംഗിയുള്ള മതിലും കെട്ടി അയാളും കുടുംബവും പുതിയ വീട്ടിലേക്കു ചേക്കേറി..  
    വര്‍ഷങ്ങള്‍ വീണ്ടും പൊഴിഞ്ഞു വീണു, അയാള്‍ക്ക്  വയസ്സായി.. മക്കളൊക്കെ പഠിച്ചു വലുതായി പല ഭാഗങ്ങളിലായി പല രാജ്യങ്ങളിലായി ചിതറി.. പ്രായത്തിന്റെ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങിയപ്പോ ഒറ്റയ്ക്ക് എണീറ്റ്‌ നടക്കാനൊക്കെ ഭയങ്കര പ്രയാസം.. മക്കളെ ഓരോരുത്തരെ ആയി വീട്ടില്‍ മാറി മാറി നില്‍പ്പിച്ചു.. പക്ഷെ ചുമയും മറ്റുമൊക്കെ മക്കളുടെ ഭാര്യമാര്‍ക്ക് ഇഷ്ട്ടപ്പെടാതായി തുടങ്ങി.. ഭാര്യമാര്‍ അവരവരുടെ ഭര്‍ത്താക്കന്മാരുടെ ചെവിയില്‍ മൂളാന്‍ തുടങ്ങി.. എന്തിനു ഇതിനെ ഇങ്ങനെ താങ്ങണം, എവിടേലും കൊണ്ട് വിട്ടാ പോരെ.. മൂളല്‍ കൂടി കൂടി ചെവിക്കു സമാധാനം ഇല്ലാതായപ്പോ മക്കളും മാറി ചിന്തിച്ചു തുടങ്ങി.. ആര്‍ക്കും ഉപകാരമില്ലാത്ത ഇതിനെ വല്ല ആതുരാലയത്തിലും കൊണ്ടിട്ടാല്‍ സമാധാനത്തോടെ ജീവിക്കാലോ..
   അങ്ങനെ ഒരു ദിവസം ആശുപത്രിയിലേക്ക് എന്നും പറഞ്ഞു മക്കള്‍ അയാളെ കുളിപ്പിച്ചൊരുക്കി എടുത്തു പുറത്തേക്കു കൊണ്ട് പോയി.. നേരെ പോയത് ഒരു വൃദ്ധ സദനത്തിലേക്ക്.. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ, ഇനിയൊരു ഉപകാരത്തിനും എത്താത്ത അച്ഛനെ ആ സദനത്തില്‍ ആക്കി മക്കള്‍ തിരിച്ചു, അവരുടെ സ്വാര്‍ഥത കൊണ്ട് സമാധാനപരം എന്ന് തോന്നുന്ന ജീവിതത്തിലേക്ക്..

  താന്‍ മക്കളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു, മക്കള്‍ക്ക്‌ എന്നെ വേണ്ടാതായിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് അധിക സമയം വേണ്ടി വന്നില്ല.. പൊട്ടി പൊട്ടി കരഞ്ഞു തളര്‍ന്നു വീണു അയാള്‍, ആ കരച്ചില്‍ കേള്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുറിച്ചു മാറ്റിയ ആ തേനൂറും മാവിന്റെ ആത്മാവ് അവിടെ എവിടെയോ ഉണ്ടായിരുന്നുവോ..??!!!