Sunday, April 28, 2013

മിഷീന്‍തറ


എന്റെ സുഹൃത്ത്‌ നൗഫലിന്റെ ഡയറി താളുകളിൽ നിന്നും ഒപ്പിയെടുത്തത് നിങ്ങൾക്ക് വേണ്ടി പങ്കു വെക്കുന്നു.. 
ഇടി വെട്ടി മഴപെയ്യുന്ന ഒരു പകലിലാണ് എന്നെ പ്രസവിച്ചത്. എന്റെ വീട്ടിലെ മിഷീന്‍തറയും സുഖ പ്രസവം. ഏടത്തിയുടെ തയ്യല്‍ മിഷീന്‍ വെച്ചത് കൊണ്ടാണ് ആ മുറിക്ക് മിഷീന്‍ തറ എന്ന് പേരു വന്നത് പോലും. ഇതെല്ലാം വലുതായപ്പോള്‍ ഉമ്മ പറഞ്ഞുതന്നതാണ്. ആ തയ്യില്‍ മിഷീന്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പ് പണ്ടേക്കും പണ്ടേ വീട്ടില്‍ നിന്നും നാമാവശേഷമായിരുന്നു. ഞാന്‍ ജനിച്ച് രണ്ട് ദിവസം വരെ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. കരച്ചിലോട് കരച്ചില്‍. ഉമ്മ എപ്പോഴും പറയും അങ്ങനെ ഞാന്‍ ജനിച്ചിട്ട് കാലം ഒരുപാടായി. ഇപ്പോള്‍ ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാ. അതിന് മുമ്പെ ഒന്നും രണ്ടും ക്ലാസ് പഠിച്ചിട്ടുണ്ട്. '' മോശമില്ല പഠിക്കും'' എന്നെ പറ്റി ചോദിച്ചാല്‍ ടീച്ചര്‍ പറയും.. മൂന്നാം ക്ലാസിന് എന്തെ ഒന്നിനും രണ്ടിനുമില്ലാത്ത് ഇത്ര പ്രത്യേകത? എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും. ചോദിച്ചോളൂ, നോ പ്രോബ്ലം!
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവമാണ് ഞാനിവിടെ വിവരിക്കുന്നത്. ശ്രദ്ധിച്ചു കേള്‍ക്കുക.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ് ഒരു ഉച്ച. ശ്രദ്ധിക്കണം. ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാണ് ഇതുവരെ ആ സംഭവം നടന്നിട്ടില്ല. ഉച്ചക്കുള്ള കഞ്ഞികുടിക്ക് ശേഷം ഞാന്‍ ക്ലാസില്‍ വിശ്രമിക്കുകയാണ്. ഓരോന്നോര്‍ത്ത് ഇങ്ങനെയിരിക്കുമ്പോഴാണ് മുന്നില്‍ നിലത്ത് ചാടികിടക്കുന്ന മിഠായി കടലാസ്സില്‍ കണ്ണുടക്കിയത്. ഷമീമിന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റ് മിഠായിയുടെ കടലാസ്സ്. സ്വര്‍ണ്ണ നിറത്തില്‍ അത് എന്റെ മുന്നില്‍ കിടന്ന് തിളങ്ങി. അവന്‍ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് ചോക്ലേറ്റ് തിന്നിട്ടുണ്ട്. എന്റെ കൂട്ടുകാര്‍ക്കും കൊടുത്തിട്ടില്ല, എന്റെ ഉപ്പയും ഗള്‍ഫിലാണ്. ഇന്നാള് വിളിച്ചപ്പോള്‍ ഉപ്പ പറഞ്ഞിട്ടുണ്ട്.
'' മോന് ഉപ്പവരുമ്പോള്‍ മിഠായി കൊണ്ടു വരാം'' അപ്പോള്‍ ഞാന്‍ ഷമീമിന് കൊടുക്കില്ല. ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. രാധ ടീച്ചര്‍ക്ക് നാലെണ്ണം കൊടുക്കും അവന്‍ രണ്ടെണ്ണമേ കൊടുത്തിട്ടുള്ളൂ. സമയം അങ്ങിനെ ഇഴഞ്ഞിഴഞ്ഞു പോയി. അവസാനത്തെ പിരീഡും കഴിഞ്ഞ് ജനഗണമനയുടെ അകമ്പടിയോടെ ബെല്ലടിച്ചു.കുട്ടികള്‍ കലപില കൂട്ടി ക്ലാസില്‍ നിന്ന് വെളിയില്‍ വന്നു. 
ശ്രദ്ധിച്ചു കേള്‍ക്കണം. മഹാ സംഭവം നടന്നിട്ടില്ല. ഞാന്‍ ഓടി ക്ലാസിന് പുറത്തേക്ക് വരുമ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. എന്റെ എളിയയും രാധടീച്ചറും എന്നെ കാത്ത് നില്‍ക്കുന്നു. രാധ ടീച്ചര്‍ എന്നെ അടുത്തുവിളിച്ചു. ഓടിയാല്‍ കിതക്കും മുമ്പ് വീടെത്താം. എന്നിട്ടും എന്നെ കൂട്ടാന്‍ ആളു വന്നിരിക്കുന്നു. കൂട്ടികള്‍ക്കിടയിലൂടെ എളിയയുടെ കയ്യും പിടിച്ച് ഗമയില്‍ ഞാന്‍ നടന്നു. എല്ലാവരും എന്നില്‍ നിന്ന് എന്തോ മറച്ചുവെക്കുന്നത് പോലെ എനിക്ക് തോന്നിയില്ല. നടന്നുനടന്നു വീടെത്തി. വീട്ടില്‍ ആകെ ആള്‍ക്കൂട്ടം. വീടിന് മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ഏടത്തിയുടെ കല്യാണമാണോ? രാവിലെ വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഞാന്‍ ചിന്‍ ചിന്തിച്ചു. ഞാന്‍ ഓടി വീട്ടില്‍ കയറി. അന്തരീക്ഷം ആകെ മാറിയത് പോലെ. ഉമ്മയും ഏടത്തിയും കരയുന്ന കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു. കല്യാണത്തിന് ആരെങ്കിലും കരയുമോ? ഞാന്‍ എല്ലാവരെയും നോക്കി.

എല്ലാവരും എന്നെ തന്നെ നോക്കുന്നു. ഞാന്‍ ഉമ്മയെ നോക്കി. ഉമ്മ കരയുകയാണോ. ആരും ഒന്നും പറയുന്നില്ല. എന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ടാവണം അയാള്‍ എന്നെ വിളിച്ച് മിഷീന്‍ തറയില്‍ കൊണ്ടുപോയി. ഞാന്‍ ചോദിച്ചു 'എന്താ' സാന്ത്വനിപ്പിക്കുന്ന ഒരുപാട് വാക്കുകളുടെ അകമ്പടിയോടെ അയാള്‍ എന്നോട് പറഞ്ഞുകളഞ്ഞു. 'മോന്റെ ഉപ്പ മരിച്ചു'. ചേക്ലേറ്റ് മിഠായിയുടെ വര്‍ണകടലാസ് കൊണ്ട് ഞാന്‍ മനസ്സില്‍ തീര്‍ത്ത ഒരുപാട് കൊട്ടാരങ്ങളും കുറേ സ്വപ്നങ്ങളും രണ്ട് കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ ആ നിമിഷം ഭൂമിയിലേക്ക് നിലംപതിച്ചു.

1 comment :