Friday, October 24, 2014

പ്ലാസ്റ്റിക്‌ മറ

ഇനി എല്ലാം കഴിഞ്ഞിട്ട് മതി വീട്ടു ജോലിക്ക് വരുന്നത് എന്ന് പറഞ്ഞെങ്കിലും അവൾ പിറ്റേ ദിവസവും ജോലിക്ക് വന്നു.. ഗർഭം ഒമ്പതാം മാസത്തേക്ക് കടന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് വക വെക്കാതെ ജോലിക്ക് വന്ന അവളോട്‌ നീ ഒന്നും എടുക്കേണ്ട എന്ന് പറഞ്ഞെങ്കിലും അനുസരിച്ചില്ല.. അവസാന നാളിൽ ചെറിയ ചെറിയ ജോലികൾ ചെയ്തില്ലെങ്കിൽ പ്രസവത്തിനു ബുദ്ധിമുട്ട് ഉണ്ടാവും എന്നും പറഞ്ഞു അവൾ അന്നും ജോലി എടുത്തു. തിരിച്ചു പോകാൻ നേരം കാറിൽ വിട്ടു തരാം എന്ന് പറഞ്ഞെങ്കിലും എനിക്ക് റോഡിൽ ഇറങ്ങിയാൽ ഏതെങ്കിലും ഓട്ടോ കിട്ടും എന്ന് പറഞ്ഞു അവൾ നടന്നകന്നു..
രണ്ട് ദിവസം കാണാതായപ്പോ എന്തായി എന്ന് നോക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് അവൾ പ്രസവിച്ചെന്നും ആശുപത്രിയിൽ നിന്നും ഇന്ന് വീട്ടിൽ എത്തും എന്നും അറിഞ്ഞത്. കുട്ടിയെ കാണാൻ പോകണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും തിരക്ക് കാരണം പോകാൻ പറ്റിയില്ല.. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവളുടെ വീട്ടിലേക്ക് പോകാനുള്ള സമയം ഒത്തു വന്നത്.. കുഞ്ഞുടുപ്പും കുറച്ചു പഴങ്ങളുമായി അവളുടെ വീടിന്റെ ഭാഗത്തേക്ക് വെച്ച് പിടിച്ചു.
ഇത് വരെ അവളുടെ വീട്ടിൽ പോയിട്ടില്ല എന്നതിനാൽ ആ പരിസരത്തുള്ള ഒരു പരിചയക്കാരന്റെ വീട്ടിൽ കയറി. അവിടുത്തെ സ്ത്രീ വഴി കാട്ടിയായി കൂടെ വന്നു. കല്ലിട്ട വഴിയിലൂടെ കുറച്ചു നടന്നു. പിന്നെ ഒരു പറമ്പിലേക്ക് കേറാൻ പറഞ്ഞു, അത് എളുപ്പ വഴിയാണത്രേ..!!! ഒരു പറമ്പിൽ നിന്നും അടുത്ത പറമ്പിലേക്ക് കയറി കയറി ഒരു ചെറിയ ഊടു വഴിയിൽ ചെന്ന് മുട്ടി.. ഞങ്ങൾ ഇറങ്ങിയതിന്റെ താഴോട്ടു കുത്തനെയുള്ള ഇറക്കം.. ഒന്ന് വഴുതിയാൽ താഴെ റോഡ്‌ വരെ ഉരുണ്ട് പോകും.. സ്റ്റെപ് പോലെ ചെറുതായി കൊത്തി എടുത്ത വഴി.. ആ വഴി ഒഴിവാക്കാനാണ് പറമ്പ് വഴി കേറിയത് എന്ന് വഴികാട്ടി..
വീണ്ടും കുറച്ചു കൂടി കയറി അവസാനം ഒരു ടാർപായക്ക് അടുത്ത് ചെന്നെത്തി... ----ഏട്ടത്തീ.... ആ വിളി കേട്ടതും ഒരു സ്ത്രീ ആ പായക്ക് പിറകിലൂടെ മുന്നിൽ വന്നു.. 
"വാ, മുന്നിലേക്ക് വാ" 
അപ്പോഴാണ്‌ മനസ്സിലായത് അതാണ്‌ അവർ താമസിക്കുന്ന വീട്..!! വീട് എന്ന സങ്കൽപ്പത്തിൽ അങ്ങനെ ഒരു കെട്ടിടം ഇല്ലാത്തതിനാൽ അതിനെ കൂര എന്നോ അല്ലെങ്കിൽ പായ കൊണ്ട് മറച്ചു കെട്ടിയ സ്ഥലം എന്നോ മാത്രമേ വിളിക്കാൻ പറ്റൂ.. ചാണകം മെരുകിയ തരയിലല്ലാതെ കല്ലിന്റെ ഒരു ചെറിയ കഷ്ണം കൂരയിൽ ഇല്ല.. ചുമരും മേൽകൂരയും വാതിലും എല്ലാം പ്ലാസ്റിക് ഷീറ്റ്..!!! ആരൊക്കെയോ തന്റെ ഹുങ്ക് കാണിക്കാനും ജനങ്ങൾക്ക്‌ വേണ്ടി എന്നും പറഞ്ഞു വോട്ട് ചോദിച്ചു ഇളിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരന്റെയും ഫ്ലെക്സുകൾ ആ മറയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നു..!!!
ഒരക്ഷരം ഉരിയാടാനായി നാവു പൊങ്ങാതെ വിറങ്ങലിച്ചു നിന്ന് പോയി ആ അവസ്ഥ കണ്ടപ്പോൾ.. എന്റെ ജീവിതത്തിൽ ആദ്യമായാണ്‌ ഇത്രയും കഷ്ട്ടപ്പാടിൽ ഒരു വീട് കാണുന്നത്.. മുറ്റത്തിട്ട ടൈൽ കളർ അത്ര പോര, അതൊന്നു മാറ്റണം എന്നും പറഞ്ഞു നടക്കുന്നവരുടെ ഹുങ്കുകൾ, അവർ കാണുന്നില്ലല്ലോ ഇവരെ.. ഇവരും മനുഷ്യർ തന്നെ..
അവൾ പ്രസവിക്കുന്നതിന്റെ മുന്നേ വീട്ടിൽ വന്നത് ആ കുത്തനെയുള്ള കയറ്റം ഇറങ്ങിയായിരുന്നു.. പരമാവധി ദിവസം ജോലി ചെയ്യാം, കുട്ടി പിറന്നാൽ പിന്നെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ എന്നതായിരുന്നു ആ വരവിനു പിന്നിൽ എന്ന് അപ്പൊ മനസ്സിലായി...!!! ആ വീട്ടിൽ നിന്നും(അവർ ആ താമസ സ്ഥലത്തെ പറ്റി പറഞ്ഞത് വീട് വീട് എന്ന് മാത്രമായിരുന്നു) ഇറങ്ങുമ്പോൾ മുറ്റത്ത് കണ്ടു തക്കാളി മുതൽ പല തരം പച്ചക്കറികൾ അവിടെ തഴച്ചു വളരുന്നു, അങ്ങാടിയിൽ പോയി വിഷമടിച്ച പച്ചക്കറി തിന്നു തിന്നു വിഷം നിറഞ്ഞ മനസ്സുകൾക്ക് കിട്ടാത്ത വിഷമില്ലാത്ത പച്ചക്കറികൾ..!!!
ഇന്ന് നാട്ടിലേക്ക് വിളിച്ചപ്പോൾ അറിഞ്ഞു മഴ വീണ്ടും കനത്തു പെയ്യുന്നു എന്ന്.. മനസ്സ് വീണ്ടും എവിടെയോ ഉടക്കി നിൽക്കുന്നു.. ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ആ പ്ലാസ്റിക് മേൽക്കൂരയ്ക്കു താഴെ അമ്മിഞ്ഞ പാലും നുകർന്ന് ഒരു പിഞ്ചു പൈതൽ കിടന്നുരങ്ങുന്നുണ്ടല്ലോ.. നമ്മൾ എത്ര ഭാഗ്യവാന്മാർ..