Saturday, June 15, 2013

അമളി പി പി, ക്ലാസ് :അഞ്ച് ബി

അന്ന് ഒരു ബുധനാഴ്ച, സമയം പതിനൊന്നു മണി ആയിക്കാണും,എന്നൊക്കെ പറഞ്ഞു തുടങ്ങാന്‍ ആഗ്രഹമുണ്ട്, പക്ഷെ ദിവസമൊന്നും ഓര്‍മയില്ല..ആകെ ഓര്‍മയുള്ളത് അഞ്ചാം ക്ലാസ് ബി...ഭൂമിവാതുക്കല്‍ എം എല്‍ പി സ്കൂളിലെ പണ്ടം മണക്കുന്ന ക്ലാസ്.. പണ്ടത്തിന്റെ മണവും എന്റെ ക്ലാസ്സും തമ്മിലുള്ള ബന്ധം പറയുവാണെങ്കില്‍ ഞങ്ങള്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോ കിട്ടിയ ക്ലാസ് താഴെ അങ്ങേ അറ്റത്തുള്ള മുറി..ഇറച്ചിപ്പീടികയില്‍ നിന്നും പണ്ടം കൊണ്ടിടുന്ന കുഴിയുടെ തൊട്ടടുത്ത ക്ലാസ്..മണം സഹിക്ക വയ്യാതെ ഞങ്ങള്‍ ഉള്ള ശ്രമങ്ങളൊക്കെ നടത്തി നോക്കി അവിടെ നിന്നും ക്ലാസ് മാറ്റിക്കിട്ടാന്‍, പക്ഷെ ആ ശ്രമത്തിനു ഫലം കിട്ടിയത് ആ അധ്യായന വര്ഷം കഴിയാനായപ്പോ..സാരമില്ല അവസാനമെങ്കിലും കുറച്ചു കാലം പണ്ടത്തിന്റെ മണം ഇല്ലാതെ ക്ലാസ്സില്‍ ഇരിക്കാലോ എന്ന് സമാധാനിച്ചു..
ആ വര്ഷം കഴിഞ്ഞു പിന്നെ അഞ്ചാം ക്ലാസില്‍ എത്തിയപ്പോയല്ലേ കഥ, അഞ്ച് ബി, അതെ ആ അറ്റത്തുള്ള ക്ലാസ്സില്‍ വീണ്ടും..!!! അങ്ങനെ രണ്ടു വര്‍ഷത്തോളം പണ്ടത്തിന്റെ മണം അടിച്ചു ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യം കിട്ടിയവന്‍..!!..,..
വിഷയം അതല്ല.. ആ ക്ലാസ്സില്‍ വെച്ച് എനിക്ക് പറ്റിയ ഒരു അമളി...എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ എന്റെ സ്നേഹം കാണിക്കാന്‍ ശ്രമിച്ചപ്പോ സംഭവിച്ച അമളി..!!
അന്ന് ക്ലാസ്സില്‍ മാഷില്ലാതെ ഇരുന്നു സൊള്ളുന്നതിനിടയില്‍ ഓരോരുത്തരും വീമ്പും വീരത്വരവും തനിക്കു അതുണ്ട് ഇതുണ്ട് എന്നൊക്കെ പറയുന്നതിനിടയ്ക്ക് ഞാനും പറഞ്ഞു എന്റെ വീട്ടില്‍ ആ സാധനം  ഉണ്ട് എന്ന്(എന്താണെന്ന് ഞാന്‍ വഴിയെ പറഞ്ഞു തരാം).. അപ്പോഴാണ്‌ എന്റെ ആത്മമിത്രം സലീല്‍ പറയുന്നത് അവനു അത് ഭയങ്കര ഇഷ്ട്ടമാണെന്ന്.. കുറച്ചു കഴിഞ്ഞു മാഷ്‌ വന്നപ്പോ എല്ലാം നിന്നു, അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയപ്പോ വൈകുന്നേരത്തെ ചായയും കഴിഞ്ഞു ഇരിക്കുമ്പോ സലീലിനു ഇഷ്ട്ടമാണ് എന്ന് പറഞ്ഞ സാധനം അവനു കൊണ്ട് കൊടുക്കണം എന്ന് മനസ്സില്‍ വല്ലാത്ത ഒരു ആഗ്രഹം.. പക്ഷെ ഉമ്മയോട് ചോദിച്ചാല്‍ തരില്ല എന്ന് അറിയാവുന്നത് കൊണ്ട് ചോദിച്ചില്ല,പകരം ഉമ്മ കാണാതെ അടിച്ചു മാറ്റി..!
ഇനി ഇതെങ്ങനെ ആരും കാണാതെ അവനു കൊണ്ട് കൊടുക്കും എന്നതായി വിഷയം... അപ്പോഴാണ്‌ കുഞ്ഞു മനസ്സില്‍ ബുദ്ധി ഉദിച്ചത്, ഉപ്പ സാധനങ്ങള്‍ വാങ്ങി വരുന്നത് പത്രത്തില്‍ പൊതിഞ്ഞിട്ടല്ലേ, അത് പോലെ ഞാനും അത് പത്രത്തില്‍ പൊതിഞ്ഞു വെച്ചു..പിറ്റേ ദിവസം ആവേശത്തോടെ എണീറ്റു, എന്റെ സുഹൃത്തിനു ഇഷ്ട്ടപ്പെട്ട സാധനം കൊണ്ട് കൊടുക്കാന്‍ പോകുന്ന ദിവസത്തിന്റെ ഉന്മേഷം..!! രാവിലെ മദ്രസയില്‍ വെച്ച് അവനെ കണ്ടപ്പോ ഒന്നും പറഞ്ഞില്ല, കാരണം സ്കൂളില്‍ ഇന്റെര്‍വല്‍ സമയത്ത് ഒറ്റയ്ക്ക് ഒരു ഭാഗത്ത്‌ വിളിച്ചു കൊണ്ട് പോയി സര്‍പ്രൈസ് ആയി കൊടുക്കാന്‍..!!,... അങ്ങനെ മദ്രസ്സ കഴിഞ്ഞു, വീട്ടിലെത്തി സ്കൂളിലേക്ക് ബുക്കും എടുത്തു ഇറങ്ങി..ഉമ്മ കാണാതെ തലേ ദിവസം പൊതിഞ്ഞു വെച്ച സാധനം, ഇറങ്ങാന്‍ നോക്കുമ്പോ ഉമ്മാന്റെ കണ്ണ് വെട്ടിച്ചു പോക്കെറ്റില്‍ ഇട്ടു ഓടി...
സ്കൂളില്‍ എത്തി, ക്ലാസ്സിലേക്ക് നോക്കി..ഇല്ല അവന്‍ എത്തിയിട്ടില്ല...അപ്പൊ ഇന്റെര്‍വലിനു തന്നെ കൊടുക്കാം... മാഷെയും കാത്തു ഇരിക്കുമ്പോ ചെറിയ ഒരു ശങ്ക, പോക്കെറ്റില്‍ നിന്നു നനവ്‌ പുരതോട്ടു വരുന്നുണ്ടോ..!!! നോട്ട്ബുക്കിലെ ഒരു പേജ് പറിച്ചു പോക്കെറ്റിനു മുകളില്‍ വെച്ചു, നനവ്‌ ആ പേപ്പര്‍ വലിച്ചെടുക്കാന്‍....,....
അങ്ങനെ ക്ലാസ്സില്‍ മാശെത്തി..  സൂപ്പി മാസ്റര്‍... ക്ലാസ്സില്‍ കയറിയ ഉടനെ മണം പിടിക്കുന്ന രൂപത്തിലുള്ള മുഖഭാവം കണ്ടപ്പോ എന്റെ ഉള്ളില്‍ ഭേജാര് കേറി തുടങ്ങി..പടച്ചോനെ, എന്റെ കള്ളി പിടിക്കപ്പെടുമോ..!! ഹേ, അത് പണ്ടത്തിന്റെ മണം ഉണ്ടോന്നു നോക്കുന്നതാവും എന്ന് സമാധാനിച്ചു ഇരുന്നു.. ഹാജര്‍ ഒക്കെ എടുത്തു മാഷ്‌ ഞങ്ങളുടെ ഇടയിലേക്ക് വന്നു..
എന്താടോ ഒരു പ്രത്യേക മണം..???
റബ്ബേ, കുടുങ്ങിയോ..!!
മാഷ്‌ ബെഞ്ചുകൾക്കിടയിലൂടെ നടന്നു അവസാനം ഞാന്‍ ഇരിക്കുന്ന സ്ഥലത്തെത്തി..
"എന്താ തസ്നീമേ നിന്റെ അടുത്ത് ഒരു ഭയങ്കര മണം, ഒന്ന് എണീറ്റെ..!!!"
പോക്കെറ്റില്‍ നിന്നും വരുന്ന നനവിന് പുറമേ സിബ്ബിന്റെ അടുത്തും നനവ്‌ വന്നോ എന്നൊരു സംശയം..!!! തപ്പി നോക്കി, ഭാഗ്യം..അത് സംഭവിച്ചിട്ടില്ല..!!! എന്നെ മെല്ലെ ബെഞ്ചില്‍ നിന്നും ഇറക്കി സൈഡില്‍ നിര്‍ത്തി, അടിമുടി ഒന്ന് നോക്കിയപ്പോ പോക്കെട്ടിന്റെ ഭാഗത്ത്‌ ഒരു തടിപ്പും ഒരു നനവും..!!! എന്താ അത് എന്ന് ചോദിക്കാതെ മാഷ്‌ പോക്കെറ്റില്‍ കയ്യിട്ടു.. അതെ,അത് സൂപ്പി മാഷുടെ കയ്യില്‍..!!!...,..

ക്ലാസ്സില്‍ കൂട്ടച്ചിരി..ഞാന്‍ ഉരുകി ഒലിച്ചു...കൂട്ടത്തില്‍ സലീലും ചിരിക്കുന്നത് കണ്ടപ്പോ ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നി, കാരണം അവനും വേണ്ടി കൊണ്ട് വന്നിട്ട് എന്നെ പൊക്കിയപ്പോ അവനും ചിരിക്കാന്‍ മുന്നില്‍..!!!
"ഇന്റെര്‍വെല്ലിനു വീട്ടില്‍ പോയി പാന്റും മാറ്റിയിട്ടു ക്ലാസ്സില്‍ കേറിയാ മതി..!!"
മാഷിന്റെ ഉത്തരവ് വന്നു..!! രക്ഷപ്പെട്ടു, അടിയൊന്നും കിട്ടിയില്ല... പക്ഷെ മാനം, അത് ശെരിക്കും പമ്പ കടന്നു..!!! ക്ലാസ്സിലെ കുട്ടികളല്ലേ കണ്ടുള്ളൂ എന്നും സമാധാനിച്ചു അവിടെ ഇരുന്നു..

പിറ്റേ ദിവസം വീട്ടില്‍ നിന്നും കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയിലേക്ക് അയച്ചു..പയിച്ചി സൂപ്പിക്കാന്റെ കടയില്‍ വലിയ തിരക്കിനിടയിലൂടെ നുഴഞ്ഞു കേറി ഞാന്‍ ലിസ്റ്റ് കൊടുത്തു.. ലിസ്റ്റും വാങ്ങി സൂപ്പീക്കാന്റെ ചോദ്യം;
 "തസ്നീമേ കുറച്ചു മരുന്ന് എനിക്കും കൊണ്ട് തരുമോ..!!!"
അതെ, അത് തന്നെ-കര്‍ക്കട സ്പെഷ്യല്‍ മരുന്ന്..!!

തലേ ദിവസം എന്റെ പോക്കെറ്റില്‍ നിന്നും പയിച്ചി സൂപ്പിക്കാന്റെ സുഹൃത്തായ സൂപ്പി മാസ്റര്‍ പിടികൂടിയ കര്‍ക്കട സ്പെഷ്യല്‍ മരുന്നിന്റെ കഥ സ്കൂളിനു പുറത്തും എത്തിയിരിക്കുന്നു..!! അവിടെ സാധനങ്ങള്‍ വാങ്ങാന്‍ നിന്ന ആളുകള്‍ സംഭവം കേട്ട് ചിരിക്കുന്നതിനിടയില്‍ ലിസ്റ്റ് കൊടുത്ത സാധനങ്ങള്‍ ഞാന്‍ വാങ്ങിയോ എന്ന് എനിക്ക് ഓര്‍മയില്ല.. ഇന്നും സൂപ്പി മാസ്റര്‍ എവിടെ കണ്ടാലും ഒന്ന് ചിരിക്കും, ആ ചിരിയുടെ പിന്നില്‍ അന്നത്തെ ആ മരുന്നിന്റെ മണമുണ്ടോ എന്ന് എനിക്ക് ഇപ്പോഴും സംശയം തോന്നാറുണ്ട്..!!

ലേബൽ: പ്രസവിച്ച സ്ത്രീകൾക്ക് ശരീര പുഷ്ട്ടിക്കു വേണ്ടി കർക്കിടക മാസത്തിൽ ഉണ്ടാക്കുന്ന ഒരു നാടൻ മരുന്നാണ് കർക്കിടകം സ്പെഷ്യൽ മരുന്ന്..പ്രസവ രക്ഷാ മരുന്ന് എന്നും അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള ഈ മരുന്ന് ഏകദേശം കറുത്ത ഹലുവ പോലെയിരിക്കും.. ഒരുപാട് നാടൻ പച്ചമരുന്ന് കൂട്ടുകൾ ഓട്ടുരുളിയിൽ എണ്ണയിൽ 6-8 മണിക്കൂർ തിളപ്പിച്ച്‌ കുറുക്കി എടുക്കുന്നതാണ് ഈ സ്പെഷ്യൽ ഐറ്റം.. ഇതിനു പ്രത്യേക മണമാണ്.. അതിന്റെ മണം വളരെ കൂടുതലാണ് എത്രത്തോളം എന്ന് വെച്ചാൽ ഇത് തിന്നു പിറ്റേ ദിവസം മൂത്രത്തിന് പോലും ആ മണമായിരിക്കും.. അതെ സമയം ശരീരം ശുദ്ധമാക്കാൻ ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.. 

Sunday, June 9, 2013

യുനിവെഴ്സിറ്റി ലീക്സ്

ബിരുദ പഠനത്തിന്റെ രണ്ടാം വർഷം, നാലാം സെമെസ്റ്റെർ.. പരീക്ഷകൾ ഓരോന്നായി കഴിഞ്ഞു..അവസാനത്തെ ഒരു പേപ്പർ മാത്രം ബാക്കി.. നാലാം സെമെസ്റ്റെരിലെ താരതമ്യേനെ എളുപ്പമുള്ള വിഷയം മാത്രം ബാക്കി.. അതിന്റെ തൊട്ടു മുന്നത്തെ ദിവസമാണ് വലിയ പെരുന്നാൾ വന്നത്.. അന്ന് വരെ ഒരു പെരുന്നാളിനു പോലും നാട്ടിൽ ഇല്ലാതിരുന്നിട്ടില്ല.. പരീക്ഷ തലയ്ക്കു മുകളിൽ ഉണ്ടെങ്കിലും നാട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.. പരീക്ഷ പിന്നെയും വരും, ആ പെരുന്നാള് പിന്നെ കിട്ടില്ലല്ലോ..!!! ജാഫറിനെ കൂടെ കൂട്ടാൻ ഒന്ന് ശ്രമിച്ചു നോക്കി.. എവിടെ..!!! ഒരു രക്ഷയുമില്ല, അവൻ ഒടുക്കത്തെ പഠനം.. നാട്ടിലെ പെരുന്നാളിന്റെ ഓർമകളുമായി അവിടെ ഇരുന്നാൽ ഒരു വസ്തുവും പഠിക്കാനാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പിറ്റേ ദിവസം പെരുന്നാളും കൂടി അന്ന് വൈകുന്നേരം തന്നെ തിരിച്ചു വണ്ടി കേറാം എന്ന ഉദ്ദേശത്തോടെ രാത്രി 10:30നുള്ള മംഗള എക്സ്പ്രസ്സിൽ നാട്ടിലേക്ക് വണ്ടി കയറി.. കൂടെ പഠിക്കാനുള്ള പുസ്തകവും എടുത്തു(തെറ്റിദ്ധരിക്കേണ്ട,വീട്ടുകാരെ പറ്റിക്കാനാ)..
പരീക്ഷ സമയത്ത് നിരാശ കാമുകന്മാരെ പോലെ താടി വടിക്കാതെ നടക്കുന്ന അതേ കോലത്തിൽ വീട്ടിൽ കേറി ചെന്നപ്പോ വീട്ടുകാരൊന്നു ഞെട്ടി..!! പെട്ടെന്ന് ഷേവ് ചെയ്തു പ്രശ്നം പരിഹരിച്ചു വീട്ടുകാരോടും കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒപ്പം പെരുന്നാൾ ആഘോഷിച്ചു.. വൈകുന്നേരം ആയപ്പോയാണ് ഓർമ വന്നത്, തിരിച്ചു പോകണ്ടെന്നു.. 

വീട്ടിൽ ബാക്കിയുള്ള ബിരിയാണിയും അന്നത്തെ ദിവസം അകത്താക്കിയ വിവിധ അടുക്കളകളിൽ നിന്നും ഉണ്ടായ ബിരിയാണികളും എന്നെ പിറകോട്ടു വലിച്ചു... പരീക്ഷ നാളെ അല്ലല്ലോ, മറ്റന്നാളല്ലേ എന്ന് സ്വയം പറഞ്ഞു മനസ്സിലാക്കി വീട്ടിൽ തന്നെ കൂടി.. 
പിറ്റേ ദിവസം വീട്ടുകാരു ബുദ്ധിമുട്ടിച്ചപ്പോ പുസ്തകം എടുത്ത് പഠിക്കാനിരുന്നു.. ഇഷ്ട്ടപ്പെട്ട വിഷയം ആയതിനാൽ കുറെ എന്തൊക്കെയോ നോക്കി വെച്ച് ഒരു കണക്കിന് എന്തൊക്കെയോ പഠിച്ചു.. അന്ന് വൈകുന്നേരത്തെ മംഗളക്ക് തിരിച്ചു കോളേജിലേക്കു.. ഹോസ്റ്റലിൽ എത്തുമ്പോ സമയം രാത്രി 12 കഴിഞ്ഞിരുന്നു.. നാട്ടിൽ നിന്ന് കൊണ്ട് വന്ന ഫുഡ്‌ ഐറ്റംസ് ഒക്കെ വിതരണം ചെയ്തു കഴിഞ്ഞപ്പോ എല്ലാരും വീണ്ടും പഠിക്കാനിരുന്നു.. ജാഫർ വന്നു പറഞ്ഞു, "അളിയാ, ചോദ്യ പേപ്പർ കിട്ടിയിട്ടുണ്ട്.. വേണെങ്കിൽ നോക്കിക്കോ.."

ജാഫറിന്റെ അടുത്ത് നിന്ന് ചോദ്യം വാങ്ങി നോക്കിയപ്പോ ശെരിക്കും ഞെട്ടി.. ഞാൻ പഠിച്ചു വെച്ച കാര്യങ്ങൾ വെച്ച് ആ പരീക്ഷ എഴുതുകയാണെങ്കിൽ ജയിക്കാനുള്ള വകുപ്പ് പോലും ആവില്ല.. അവിടെ എല്ലാവരും ചോദ്യം വെച്ച് ഇരുന്നു പഠിച്ചു ഏകദേശം കവർ ചെയ്തിരിക്കുന്നു.. ഞാൻ ഇനി തല കുത്തി മറിഞ്ഞാലും 9മണിക്കുള്ള പരീക്ഷക്ക്‌ മുംബ് ഇത് പഠിച്ചു തീരില്ല.. എന്ത് ചെയ്യും എന്ന് ആലോചിച്ചു കണ്‍ഫ്യുഷൻ അടിച്ചു രണ്ടു ദിവസമായി എന്നെ പിരിഞ്ഞിരിക്കുന്ന എന്റെ സ്വന്തം കിടക്കയിലോട്ട് ഒന്ന് ചാഞ്ഞു.. കണ്‍ഫ്യുഷൻ ഉറക്കത്തിനു വഴി മാറിയത് എപ്പോഴാണെന്ന് അറിയില്ല, പെട്ടെന്ന് ഞെട്ടി എണീറ്റ്‌ സമയം നോക്കുമ്പോ രാവിലെ 6മണി..!!!

ഇനിയിപ്പോ വേറെ ഒരു രക്ഷയുമില്ല.. ആ ചോദ്യ പേപ്പർ പൂർണമായി ഒന്ന് നോക്കാൻ പോലും സമയമില്ല.. വരുന്നിടത്ത് വെച്ച് കാണാം എന്നും വെച്ച് ഞാൻ പഠിച്ചു വെച്ച ഭാഗങ്ങൾ ഒന്ന് റിവിഷൻ നടത്തി പരീക്ഷക്ക്‌ പോയി, അവസാന വട്ട മിനുക്ക്‌ പണികൾ നടത്തുന്ന ജാഫറിന്റെ മുന്നിലൂടെ...

പരീക്ഷ ഹാളിൽ ജാഫർ എന്റെ മുന്നിലാണ്.. ചോദ്യ പേപ്പർ വന്നു.. എടുത്തു നോക്കിയപ്പോ തലേ ദിവസം ജാഫറിന്റെ കയ്യിൽ കണ്ടത് അല്ലല്ലോ എന്നൊരു സംശയം.. മുന്നിൽ നിന്ന് സങ്കടത്തോടെ തിരിഞ്ഞു നോക്കുന്ന ജാഫറിന്റെ മുഖം കണ്ടപ്പോ സംശയം അസ്ഥാനത്തല്ല എന്ന് ഉറപ്പായി.. ഏകദേശ ചോദ്യങ്ങളും ഞാൻ നോക്കി വെച്ച ഭാഗത്ത്‌ നിന്ന്..!!! അത് എഴുതിപ്പിടിപ്പിക്കുന്നതിനിടക്ക് ജാഫർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടിരുന്നു.. കൂടെ മറ്റു സഖാക്കളും..

തിരിച്ചു റൂമിലെത്തിയപ്പോ ചിരിക്കണോ അതോ പൊട്ടിച്ചിരിക്കണോ എന്നാ സംശയത്തിൽ ആയി ഞാൻ.. അപ്പോഴാണ്‌ അറിഞ്ഞത് ജാഫർ മാത്രമല്ല പെരുന്നാളിന് നാട്ടിൽ പോകാതെ ഹോസ്റ്റൽ തന്നെ നിന്ന എല്ലാവരും ശശി ആയിട്ടുണ്ട്..!!! തലേ ദിവസം കണ്ഫ്യുഷൻ അടിച്ചു കിടക്കാൻ തോന്നിയ നിമിഷത്തെയും എന്നെ ഉറക്കിലേക്ക് തള്ളി വിട്ട ബിരിയാണിയെയും സ്തുതിച്ചു പോയി.. 

ഫലം വന്നു, പെരുന്നാളും ആഘോഷിച്ചു ബിരിയാണിയും തട്ടി പരീക്ഷയും പാസ് ആയി അഹങ്കരിച്ചു ജാഫറിന്റെയും മറ്റു സഖാക്കളുടെയും അടുത്ത് നിന്ന് പുറത്തിട്ടു നല്ല പൂശു കിട്ടിയതിന്റെ ഓർമ്മകൾ..!!!